ഹൃദയാഘാതം മൂലം മരിച്ച് കിടന്ന പിതാവിനരികില്‍ 2 വയസുകാരന്‍ വിശന്നുമരിച്ചു; രാജ്യം ഞെട്ടലില്‍
മരിച്ചുകിടന്ന പിതാവിനരികില്‍ ഒറ്റപ്പെട്ടുപോയ കുരുന്നു ജീവന്‍ ഭക്ഷണം കിട്ടാതെ പൊലിഞ്ഞു. ഹൃദയാഘാതം ബാധിച്ച് മരിച്ച പിതാവിന്റെ മൃതശരീരത്തിന് അരികിലാണ് രണ്ട് വയസ്സുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി. ബ്രിട്ടന്റെ സോഷ്യല്‍ കെയര്‍ മേഖലയുടെ ദുരവസ്ഥയിലേക്ക് വിരല്‍ചൂണ്ടിയാണ് 2 വയസ്സുള്ള ബ്രോണ്‍സണ്‍ ബാറ്റേഴ്‌സ്ബിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബോക്‌സിംഗ് ഡേയില്‍ ജീവനോടെ കണ്ടതിന് ശേഷം പിതാവ് 60 വയസ്സുകാരനായ കെന്നെത്തിന് ഹൃദയാഘാതം നേരിട്ടെന്നാണ് കരുതുന്നത്. ജനുവരി 2ന് ലിങ്കണ്‍ഷയറിലെ സ്‌കെഗ്നെസിലുള്ള വീട്ടിലെത്തിയ സോഷ്യല്‍ വര്‍ക്കര്‍ മറുപടി ലഭിക്കാതെ വന്നതോടെ പോലീസിനെ ബന്ധപ്പെട്ടു. എന്നാല്‍ അന്ന് നടപടികളൊന്നും ഉണ്ടായില്ല.
ജനുവരി 4ന് വീണ്ടും സോഷ്യല്‍ വര്‍ക്കര്‍ പതിവ് സന്ദര്‍ശനത്തിനായി എത്തിയെങ്കിലും ഇക്കുറിയും അനക്കമുണ്ടായില്ല. വീണ്ടും ഇവര്‍ പോലീസിനെ ബന്ധപ്പെടുകയും ചെയ്തു. എന്നാല്‍ ജനുവരി 9ന് വീണ്ടുമെത്തിയ സോഷ്യല്‍ വര്‍ക്കര്‍ സ്വയം ലാന്‍ഡ്‌ലോര്‍ഡിന്റെ കൈയില്‍ നിന്നും താക്കോല്‍ വാങ്ങി വീട് തുറന്ന് നോക്കുമ്പോഴാണ് ബ്രോണ്‍സന്റെയും, കെന്നെത്തിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സോഷ്യല്‍ സര്‍വ്വീസുകള്‍ തങ്ങളുടെ ജോലി കൃത്യമായി ആദ്യം ചെയ്‌തെങ്കില്‍ ബ്രോണ്‍സണ്‍ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് അമ്മ 43-കാരി സാറാ പിസെ പറഞ്ഞു. 'എന്നാല്‍ അവര്‍ ഒന്നും ചെയ്തില്ല. കുട്ടികളെ സുരക്ഷിതരാക്കി വെയ്ക്കാന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിനെയാണ് ആശ്രയിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം കുഞ്ഞ് വിശന്ന് വലഞ്ഞ് മരിക്കുകയായിരുന്നു. കെന്നെത്ത് ഡിസംബര്‍ 29-നകം മരിച്ചിട്ടുണ്ട്. അതായത് സോഷ്യല്‍ വര്‍ക്കര്‍ നേരത്തെ തന്നെ ഉള്ളില്‍ കടന്നെങ്കില്‍ കുഞ്ഞ് ജീവനോടെ രക്ഷപ്പെടുമായിരുന്നു', പിസെ പറയുന്നു.
നേരത്തെ തന്നെ ഹൃദ്രോഗ പ്രശ്‌നങ്ങളുള്ള വ്യക്തിയായിരുന്നു കെന്നെത്ത്. സംഭവത്തില്‍ ഉള്‍പ്പെട്ട സോഷ്യല്‍ വര്‍ക്കറെ സസ്‌പെന്‍ഡ് ചെയ്തിട്ടില്ലെങ്കിലും ഇവര്‍ സ്വയം ഓഫ് എടുത്ത് പോയിട്ടുണ്ട്. സംഭവത്തില്‍ റിവ്യൂ നടക്കുന്നതായി ചില്‍ഡ്രന്‍സ് സര്‍വ്വീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹീതര്‍ സാന്‍ഡി പറഞ്ഞു. സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചിട്ടുണ്ട്.