ഉദരസംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ കെയ്റ്റ് രാജകുമാരി ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നതായി കെന്‍സിംഗ്ടണ്‍ കൊട്ടാരം. പ്രോസ്ട്രേറ്റ് സംബന്ധമായ ചികിത്സയ്ക്കായി അടുത്തയാഴ്ച്ച ചാള്‍സ് രാജാവ് ആശുപത്രിയില്‍ പ്രവേശിക്കും. രാജാവിന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്ക വേണ്ടെന്നും പതിവ് ചികിത്സമാത്രമാണെന്നും അറിയിപ്പില്‍ പറയുന്നു. ഏതായാലും അദ്ദേഹം സുഖം പ്രാപിക്കുന്നതുവരെ പൊതുചടങ്ങുകള്‍ എല്ലാം മാറ്റി വച്ചിട്ടുണ്ട്.
മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയയ്ക്കായി 42 കാരിയായ കെയ്റ്റ് രാജകുമാരിയെ ചൊവ്വാഴ്ച്ചയായിരുന്നു ലണ്ടന്‍ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം രാജകുമാരി സുഖം പ്രാപിച്ചു വരുന്നതായി കൊട്ടാരവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 10 മുതല്‍ 14 ദിവസം വരെ കെയ്റ്റിന് ആശുപത്രിയില്‍ ചെലവഴിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൂര്‍ണ്ണമായും സുഖം പ്രാപിച്ചതിന് ശേഷം മാത്രമെ കെയ്റ്റ് വീട്ടിലേക്ക് മടങ്ങുകയുള്ളു.
വീട്ടില്‍ എത്തിയതിനു ശേഷവും രണ്ട് മൂന്ന് മാസങ്ങളോളം രാജകുമാരി വിശ്രമത്തില്‍ ആയിരിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. അതിനു ശേഷം മാത്രമെ പൊതു പരിപാടികളില്‍ രാജകുമാരി എത്തുകയുള്ളും. ഡോക്ടര്‍മാരുടെ ഉപദേശപ്രകാരമാണിതെന്ന് കൊട്ടാരം വെളിപ്പെടുത്തി. അതുപോലെ, കെയ്റ്റ് ആശുപത്രിയില്‍ ഉള്ള സമയത്തും, വീട്ടില്‍ തിരിച്ചെത്തിയാല്‍ ആദ്യ കുറച്ചു നാളുകളിലേക്കും വില്യമും ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കില്ല.
ഭാര്യയ്ക്ക് പിന്തുണയുമായി കുറച്ചു നാള്‍ ഭാര്യയോടൊപ്പം തന്നെ ഉണ്ടാകാനാണ് വില്യം രാജകുമാരന്‍ ആഗ്രഹിക്കുന്നത്.