ബജറ്റില്‍ വ്യക്തിഗത നികുതികള്‍ വെട്ടിക്കുറയ്ക്കുമെന്ന സൂചന നല്‍കി ചാന്‍സലര്‍
മാര്‍ച്ച് മാസത്തിലെ ബജറ്റില്‍ വ്യക്തിഗതമായ ടാക്‌സ് കുറയ്ക്കുമെന്ന് സൂചന നല്‍കി ചാന്‍സലര്‍ ജെറമി ഹണ്ട്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കവെയാണ് നികുതി വെട്ടിക്കുറയ്ക്കുന്ന ദിശയിലാണ് നീങ്ങുന്നതെന്ന് ചാന്‍സലര്‍ വ്യക്തമാക്കിയത്. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി പ്രവചിച്ചതിലും വേഗത്തില്‍ പണപ്പെരുപ്പം കുറയുന്നതായി ഹണ്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇതിനിടെ ഡിസംബറില്‍ പണപ്പെരുപ്പം ഏവരെയും ഞെട്ടിച്ച് ഉയര്‍ന്നത് ആശങ്കയായി. കഴിഞ്ഞ മാസം കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് നാല് ശതമാനത്തിലേക്ക് ഉയര്‍ന്നത്. 2023 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് ഈ മുന്നേറ്റം.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്ന ഔദ്യോഗിക ലക്ഷ്യമായ രണ്ട് ശതമാനത്തിന്റെ ഇരട്ടിയാണ് ഈ പണപ്പെരുപ്പ നിരക്ക്. ഇതോടെ 3.8 ശതമാനമായി നിരക്ക് താഴുമെന്ന പ്രവചനങ്ങള്‍ അസ്ഥാനത്തായി. നവംബറില്‍ 3.9 ശതമാനത്തിലേക്ക് താഴ്ന്ന ശേഷമാണ് പണപ്പെരുപ്പം തിരിച്ചുവരവ് നടത്തുന്നത്.
ബ്രിട്ടന്റെ കടക്കെണി 2.7 ട്രില്ല്യണ്‍ പൗണ്ടിലാണ് നില്‍ക്കുന്നത്. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക പ്രവചനങ്ങള്‍ തയ്യാറായിട്ടില്ലെന്ന് ഹണ്ട് ചൂണ്ടിക്കാണിച്ചു. ഈ കണക്കുകള്‍ അനുവദിച്ചാല്‍ മാറ്റത്തിന് തയ്യാറാണെന്ന് ചാന്‍സലര്‍ പറയുന്നു. പണപ്പെരുപ്പം വര്‍ദ്ധിച്ചതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും മങ്ങി.