യുകെ മലയാളി സന്ദീപ് ജോര്‍ജ്ജിന്റെ സഹോദരന്‍ ദീപക് ജോര്‍ജ് വര്‍ക്കി (25)യ്ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. കോട്ടയം പുതുപ്പള്ളിയിലെ അഞ്ചേരി ഇടശ്ശേരിക്കുന്നേല്‍ ജോര്‍ജ് വര്‍ക്കിയുടെ മകനാണ്. പൂനെയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായിരുന്നു ദീപക്. ഇവിടെ നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കി വീട്ടിലേക്ക് വരവെയായിരുന്നു അപകടമുണ്ടായത്.
മുംബൈ ജയന്തി ജനത ട്രെയിനിലാണ് ദീപക് എത്തിയത്. തുടര്‍ന്ന് സാധനങ്ങള്‍ എല്ലാം പ്ലാറ്റ്‌ഫോമിലേക്ക് എടുത്തു വച്ചു എങ്കിലും കണ്ണട എടുക്കാന്‍ മറന്നുപോയത് മനസ്സിലാക്കി തിരികെ കയറി. എന്നാല്‍ ഈ സമയം ട്രെയിന്‍ നീങ്ങി പ്‌ളാറ്റ് ഫോം കഴിഞ്ഞിരുന്നു. എങ്കിലും വേഗത്തില്‍ ഇറങ്ങുമ്പോഴായിരുന്നു പാളത്തിനടിയിലേക്ക് വീണത്. അപകടത്തില്‍ ശരീരം രണ്ടായി മുറിഞ്ഞു പോയിരുന്നു.
എന്നാല്‍ ഈ സമയം ദീപക്കിനെ സ്വീകരിക്കാനായി കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്ന സുഹൃത്തുക്കള്‍ കാണാതായതോടെ ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനിലും, ഇവിടെയും കാണാതായതോടെ തിരുവല്ല റെയില്‍വേ സ്റ്റേഷനിലും എത്തി കാത്തു നിന്നു. ഫോണിലും വിളിച്ചിട്ടും ദീപക്കിനെ കുറിച്ച് വിവരമില്ലാത്തതോടെ ഇവര്‍ റെയില്‍വേ പോലീസ് സ്റ്റേഷനില്‍ വിവരം ധരിപ്പിച്ചതോടെയാണ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ സുഹൃത്തിന് ഉണ്ടായ അപകടവും മനസ്സിലാക്കിയത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കോട്ടയം സ്റ്റാര്‍ ജംഗഷനിലെ ആദം ടവറില്‍ പ്രവര്‍ത്തിക്കുന്ന ഇടശ്ശേരിയില്‍ കുന്നേല്‍ വണ്‍ ഗ്രാം ഗോള്‍ഡ് ജ്വല്ലറി ആന്‍ഡ് ട്രാവല്‍ ഏജന്‍സി ഉടമ ജോര്‍ജ് വര്‍ക്കിയാണ് പിതാവ്. സോളിയാണ് മാതാവ്.