നോര്‍വിച്ചിലെ കോസ്റ്റേസിയിലെ ഒരു വീട്ടില്‍ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. രണ്ട് പെണ്‍കുട്ടികളും ഒരു പുരുഷനും സ്ത്രീയും ആണ് മരണപ്പെട്ടത്. അയല്‍ക്കാര്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് പോലീസ് നോര്‍വിച്ചിന് സമീപമുള്ള കോസ്റ്റേസിയിലെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്. 45 വയസുള്ള പുരുഷനും 36 വയസ്സുള്ള ഒരു സ്ത്രീയും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഇവരുടെ ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നതായും നോര്‍ഫോക്ക് പോലീസ് പറഞ്ഞു.
മരിച്ചവരില്‍ മൂന്ന് പേര്‍ വീട്ടില്‍ താമസിക്കുന്നവര്‍ തന്നെയാണെന്നും 36 കാരിയായ സ്ത്രീ ഇവരെ സന്ദര്‍ശിക്കാന്‍ എത്തിയതാണെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡിറ്റക്റ്റീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ ക്രിസ് ബര്‍ഗെസ് പറഞ്ഞു. മരിച്ചവരുടെ പേരു വിവരങ്ങള്‍ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. പ്രദേശവാസികളില്‍ വളരെ ഞെട്ടല്‍ ഉണ്ടാക്കിയ ഈ സംഭവം തികച്ചും ദാരുണമാണെന്ന് സേന അറിയിച്ചു. നിലവില്‍ പോലീസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്.
അതേസമയം, സമീപത്തെ വനപ്രദേശത്ത് നിന്ന് കണ്ടെടുത്ത കത്തിക്ക് ഈ സംഭവുമായി ബന്ധമില്ലെന്ന് ഡിറ്റക്റ്റീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ ക്രിസ് ബര്‍ഗെസ് പറയുന്നു. നിലവില്‍ അന്വേഷണം സംഭവം നടന്ന പ്രദേശത്തെ കേന്ദ്രികരിച്ചായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്