ഉയര്‍ന്ന ശേഷിയുള്ള ലേസര്‍ ആയുധം വിജയകരമായി പരീക്ഷിച്ച് യുകെ. വെളിച്ചത്തിന്റെ വേഗതയില്‍ സഞ്ചരിക്കുന്ന ലേസര്‍ ആകാശത്തുള്ള ലക്ഷ്യങ്ങളില്‍ കൃത്യമായി പതിക്കും. ഡ്രാഗണ്‍ഫയര്‍ ലേസര്‍ ഉപയോഗിക്കുന്ന എനര്‍ജി ആയുധ സിസ്റ്റം ഒരു മൈല്‍ അകലെ നിന്നും 1 പൗണ്ട് നാണയം പോലുള്ള ചെറിയ ഇടത്ത് പോലും കിറുകൃത്യമായി പതിക്കുമെന്നാണ് രഹസ്യ പരീക്ഷണങ്ങള്‍ തെളിയിച്ചിരിക്കുന്നത്.
ഹെബ്രിഡ്‌സിലെ ഡിഫന്‍സ് മന്ത്രാലയത്തിന്റെ സ്റ്റേഷനില്‍ നിന്നുമാണ് ഉയര്‍ന്ന ശേഷിയുള്ള ലേസര്‍ ആയുധം പ്രയോഗിച്ചത്. ഈ ആയുധം എത്ര ദൂരെ വരെ പ്രഹരശേഷിയുള്ളതാണെന്ന് രഹസ്യമാക്കി വെച്ചിരിക്കുകയാണ്. എന്നിരുന്നാലും ഡ്രോണ്‍ ഉള്‍പ്പെടെ ഭൂരിഭാഗം ലക്ഷ്യങ്ങളും കീറിമുറിക്കാന്‍ ഇതിന് കരുത്തുണ്ട്.
ഇത്തരം ടെക്‌നോളജിക്ക് ചെലവ് കുറവാണെന്നതും സവിശേഷതയാണ്. കേവലം 10 പൗണ്ട് മാത്രമാണ് ഓരോ 'ഷോട്ടിനും' ചെലവ് വരികയെന്ന് ഡിഫന്‍സ് ശ്രോതസ്സുകള്‍ വ്യക്തമാക്കി. ഭാവിയില്‍ വ്യോമ പ്രതിരോധ ദൗത്യങ്ങളില്‍ ഈ ടെക്‌നോളജി ആയുധം ഉപയോഗിക്കാനാണ് സൈന്യവും, നാവിക സേനയും ആലോചിക്കുന്നത്.
ഗവണ്‍മെന്റിന്റെ ഡിഫന്‍സ് സയന്‍സ് & ടെക്‌നോളജി ലാബറട്ടറിയും, വ്യവസായ പങ്കാളികളായ ലിയോനാര്‍ഡോ, ക്വിനെറ്റിക് തുടങ്ങിയവരുമായി സഹകരിച്ചാണ് 100 മില്ല്യണ്‍ പൗണ്ടിന്റെ ആയുധം വികസിപ്പിച്ചിരിക്കുന്നത്.