അസ്ഥി മരവിക്കുന്ന കൊടും തണുപ്പില്‍ പ്രസവിച്ച് ഒരു മണിക്കൂര്‍ പോലും തികയുന്നതിന് മുന്‍പ് കുഞ്ഞിനെ തെരുവില്‍ ഉപേക്ഷിച്ച നിലയില്‍. ഈസ്റ്റ് ലണ്ടനിലെ ന്യൂഹാമില്‍ നായയുമായി നടക്കാനിറങ്ങിയ വ്യക്തിയാണ് -4 സെല്‍ഷ്യസ് താപനിലയില്‍ നവജാത ശിശുവിനെ തെരുവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്
മുതിര്‍ന്നവര്‍ പോലും പുറത്തിറങ്ങാന്‍ മടിക്കുന്ന അവസ്ഥയിലാണ് പ്രസവിച്ച് ഒരു മണിക്കൂര്‍ പോലും തികയാത്ത കുഞ്ഞിനെ ഈ കൊടുംതണുപ്പില്‍ തെരുവില്‍ ഉപേക്ഷിച്ചിരിക്കുന്നത്.
ഒരു ഷോപ്പില്‍ ബാഗില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ ശ്രദ്ധിച്ചാണ് നടക്കാനിറങ്ങിയ വ്യക്തി ഇത് തുറന്ന് പരിശോധിച്ചത്. ഒരു ടവലില്‍ പൊതിഞ്ഞാണ് കുഞ്ഞിനെ ഷോപ്പിംഗ് ബാഗിലാക്കി തെരുവില്‍ ഉപേക്ഷിച്ചത്.
കുഞ്ഞിന് ഇപ്പോള്‍ എല്‍സയെന്ന് പേര് നല്‍കിയിട്ടുണ്ട്. കുഞ്ഞിനെ കണ്ടെത്തിയ വഴിപോക്കന്‍ നവജാതശിശുവിന് ചൂട് നല്‍കുകയും, പാരാമെഡിക്കുകള്‍ എത്തുന്നത് വരെ സുരക്ഷിതമായി വെയ്ക്കുകയും ചെയ്തു. പിന്നീട് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന് യാതൊരു വിധത്തിലുള്ള പരുക്കുകളുമില്ലെന്ന് മെറ്റ് വ്യക്തമാക്കി. ഇപ്പോള്‍ ആശുപത്രി ജീവനക്കാരാണ് എല്‍സയ്ക്ക് സംരക്ഷണം നല്‍കുന്നത്.
മിക്‌സഡ് വംശത്തില്‍ പെട്ടതെന്ന് കരുതുന്ന കുഞ്ഞ് ജനിച്ചിട്ട് മണിക്കൂര്‍ പോലും തികയുന്നതിന് മുന്‍പാണ് കണ്ടെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ കണ്ടെത്താന്‍ പോലീസ് അടിയന്തര തെരച്ചില്‍ ആരംഭിച്ചു, ഇവര്‍ക്ക് മെഡിക്കല്‍ പരിചരണം ആവശ്യമാകുമെന്ന് ആശങ്കകളുണ്ട്.