യുകെയില്‍ പടര്‍ന്നുപിടിക്കുന്ന മീസില്‍സ് പകര്‍ച്ചവ്യാധിയ്‌ക്കെതിരെ അടിയന്തര വാക്‌സിനേഷന്‍ പദ്ധതി അനിവാര്യമെന്ന് ആരോഗ്യ മേധാവികള്‍. ദേശീയ ഗുരുതരാവസ്ഥ പ്രഖ്യാപിച്ച യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മാരകമായ വൈറസിന് എതിരെ വളരെ കുറച്ച് കുട്ടികള്‍ക്ക് മാത്രമാണ് സുരക്ഷയുള്ളതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടികള്‍ക്ക് മീസില്‍സ്, മംസ്, റുബെല്ലാ വാക്‌സിന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ഏജന്‍സി ചീഫ് എക്‌സിക്യൂട്ടീവ് ജെന്നി ഹാരീസ് രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. എല്ലാ പ്രശ്‌നങ്ങളും പ്രതിസന്ധിയായി വളരുന്ന അവസ്ഥയാണ് യുകെ നേരിടുന്നതെന്ന് ഹാരീസ് ചൂണ്ടിക്കാണിച്ചു. 2016-ല്‍ ബ്രിട്ടനെ ലോകാരോഗ്യ സംഘടന മീസില്‍സ് മുക്ത രാജ്യമായി പ്രഖ്യാപിച്ച സ്ഥാനത്താണ് ഈ തിരിച്ചുപോക്ക്.
ഫ്ലൂവിന് സമാനമായ ലക്ഷണങ്ങളും, ബുദ്ധിമുട്ടിക്കുന്ന റാഷസും ലക്ഷണങ്ങളായി കാണുന്ന രോഗം 5000 പേരില്‍ ഒരാളെ വീതം മരണത്തിലേക്ക് നയിക്കുന്നുണ്ട്. രാജ്യത്ത് മീസില്‍സിന് എതിരായ വാക്‌സിനേഷന്‍ നിരക്കില്‍ വലിയ തോതില്‍ ഇടിവ് സംഭവിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ലണ്ടനിലും, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലുമാണ് സ്ഥിതി ഏറ്റവും രൂക്ഷം.
വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ ഒക്ടോബര്‍ 1 മുതല്‍ ഏതാണ്ട് മുന്നൂറിലേറെ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂരിഭാഗം കേസുകളും പത്ത് വയസ്സില്‍ താഴെയുള്ളവരാണ്. ദേശീയ സംഭവമായി പ്രഖ്യാപിച്ചതോടെ പൊതുജനങ്ങള്‍ക്ക് ഉയര്‍ന്ന ആരോഗ്യ അപകടമായി ഈ മാറുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.
95 കവറേജെങ്കിലും വാക്‌സിനേഷനില്‍ ഉണ്ടാകണമെന്ന് ജെന്നി ഹാരീസ് ചൂണ്ടിക്കാണിക്കുന്നു. ചില സമൂഹങ്ങളില്‍ വാക്‌സിനേഷന്‍ അപകടകരമായ തോതില്‍ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ 84.5% കുട്ടികള്‍ക്കാണ് രണ്ട് ഡോസ് എംഎംആര്‍ വാക്‌സിനും ലഭിച്ചത്. 2010/11ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ തോതാണിത്.