ഇഷാ കൊടുങ്കാറ്റ് യുകെയില്‍ അതിശക്തമായി വീശിയടിച്ചതോടെ മെറ്റ് ഓഫീസ് അപൂര്‍വ്വമായ റെഡ് അലേര്‍ട്ടും, ചുഴലിക്കാറ്റ് മുന്നറിയിപ്പും പുറപ്പെടുവിച്ചു. അതിശക്തമായ മഴ മൂലം ജനലുകള്‍ക്ക് അരികില്‍ ഉറങ്ങാന്‍ കിടക്കരുതെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. യാത്രക്കാര്‍ വിമാനങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്
യുകെയില്‍ അതിശക്തമായ തിരകളും ആഞ്ഞടിക്കുമ്പോള്‍ ജീവന് അപകടം സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രാജ്യത്ത് ഉടനീളം ജാഗ്രതാ മുന്നറിയിപ്പുകള്‍ നിലവില്‍ വരുമ്പോള്‍ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന ആശങ്ക നേരിടുകയാണ്. സ്‌കോട്ട്‌ലണ്ടിലെ ഭാഗങ്ങള്‍ക്കാണ് മെറ്റ് ഓഫീസ് റെഡ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. പവര്‍കട്ടും, അവശിഷ്ടങ്ങള്‍ പറക്കാനും, കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കാനുമാണ് സാധ്യതയുള്ളത്.
തിങ്കളാഴ്ച പുലര്‍ച്ചെ 1 മുതല്‍ നിലവുള്ള അലേര്‍ട്ടിന് പുറമെ യുകെയുടെ മറ്റ് ഭാഗങ്ങള്‍ക്ക് മഞ്ഞ, ആംബര്‍ അലേര്‍ട്ടുകളും നിലവിലുണ്ട്. 100 എംപിഎച്ച് വരെ വേഗത്തിലുള്ള കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ സര്‍വ്വീസ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ടൊര്‍ണാഡോ വാച്ച് സോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിമാന യാത്രകളെ കാലാവസ്ഥ മോശമായി ബാധിച്ചു. പലയിടത്തും വിമാനങ്ങള്‍ നിലത്തിറക്കി. മറ്റ് ചില വിമാനങ്ങള്‍ വ്യത്യസ്ത എയര്‍പോര്‍ട്ടുകളില്‍ ലാന്‍ഡ് ചെയ്യേണ്ടതായി വന്നു. നൂറുകണക്കിന് യാത്രക്കാരാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിമാനങ്ങളില്‍ കുടുങ്ങിയത്.