ടെസ്‌കോയില്‍ ഷോപ്പിംഗിന് പോയ യുവതിയ്ക്ക് ഷോപ്പില്‍ സുഖ പ്രസവം!
ടെസ്‌കോ റീടെയ്ല്‍ ഔട്ട്ലെറ്റിലേക്ക് സാധനം വാങ്ങാന്‍ പോയ ഗര്‍ഭിണിയായ യുവതി വീട്ടില്‍ തിരിച്ചെത്തിയത് പുതിയ അതിഥിയുമായി. ലോറന്‍ ഇവിംഗ്സ് എന്ന 27 കാരിയാണ് ഡെവണിലെ ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവം നിശ്ചയിച്ച തീയതിയേക്കാള്‍ നാലാഴ്ച മുന്‍പായിരുന്നു.
ചില അസ്വസ്ഥതകള്‍ ലോറന് അനുഭവപ്പെടുന്നുണ്ടായിരുന്നെങ്കിലും അതെല്ലാം ബ്രാക്സ്റ്റണ്‍ ഹിക്ക്സ് എന്നറിയപ്പെടുന്ന ബുദ്ധിമുട്ടായിരിക്കും എന്നായിരുന്നു ആ യുവതി കരുതിയത്. വേദന സഹിച്ചുകൊണ്ടു തന്നെയായിരുന്നു യുവതി തന്റെ മൂത്ത മകളെ സ്‌കൂളില്‍ വിട്ടതിനു ശേഷം ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ ടിവെര്‍ടണ്‍ ടെസ്‌കോയില്‍ എത്തിയത്.
വാതിലിലൂടെ അകത്തു കയറുമ്പോള്‍ തന്നെ വസ്ത്രങ്ങളില്‍ നനവ് അനുഭവപ്പെടാന്‍ തുടങ്ങി. ഉടന്‍ തന്നെ ലോറന്‍ ശുചിമുറിയില്‍, ശരീരം വൃത്തിയാക്കുവാന്‍ കയറുകയും സഹായത്തിനെത്താന്‍ തന്റെ പങ്കാളിയെ വിളിച്ച് ആവശ്യപ്പെടുകയും ചെയ്തു. ശുചിമുറിയിലേക്ക് പോകുമ്പോള്‍ തന്നെ അടിവയറില്‍ ഉയര്‍ന്ന മര്‍ദ്ദം അനുഭവപ്പെടുന്നുണ്ടായിരുന്നു. അപ്പോള്‍ തന്നെ തന്റെ അമ്മയേയും മറ്റൊരു ബന്ധുവിനെയും അവര്‍ വിവരമറിയിച്ചു.
അവരാണ് ടെസ്‌കോ സ്റ്റോറിലേക്ക് സഹായവുമായി എത്താന്‍ ആംബുലന്‍സിന് നിര്‍ദ്ദേശം നല്‍കിയത്. അതിനിടയില്‍ ടെസ്‌കോയിലെ ജീവനക്കാരിയായ ലിസ ഹെയ്മെസ് എന്ന സ്ത്രീ ലോറന്റെ സഹായത്തിനെത്തുകയും ഒരു സ്വകാര്യ മറ സ്ഥാപിക്കുകയും ചെയ്തു. പ്രഥമ ശുശ്രൂഷകള്‍ നല്‍കുന്നതില്‍ പരിശീലനം ലഭിച്ച ആ ജീവനക്കാരി 30 മിനിറ്റുകള്ക്കുള്ളില്‍ സുരക്ഷിതമായി പ്രസവം എടുക്കുകയായിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി ടെസ്‌കോയില്‍ ജോലി ചെയ്യുന്ന ആളാണ് ലിസ ഹെയ്ംസ്. കുട്ടിക്ക് മഞ്ഞനിറമുള്ളതായി സംശയിക്കുന്നതായി ലോറന്‍, ഡെവണ്‍ ലൈവ് എന്ന മാധ്യമത്തിനോട് പറഞ്ഞു. അതല്ലാതെ കുട്ടിക്ക് മറ്റ് തകരാറുകള്‍ ഒന്നുമില്ല.
കുട്ടിക്ക് ആറ് പൗണ്ട് തൂക്കമുണ്ടെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ജി ബി എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എഡ്വേര്‍ഡ് എന്നാണ് കുഞ്ഞിന് നാമകരണം ചെയ്തിരിക്കുന്നത്.