യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ മലയാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ 17 കാരന് 24 മാസം മാത്രം തടവുശിക്ഷ; എതിര്‍പ്പ് ശക്തം


ലണ്ടനില്‍ മലയാളി ജെറാള്‍ഡ് നെറ്റോയെന്ന 62 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 17 കാരനായ പ്രതിയ്ക്ക് 24 മാസം മാത്രം തടവുശിക്ഷ വിധിച്ച് കോടതി. ഹാന്‍വെല്ലില്‍ 2023 മാര്‍ച്ചിലായിരുന്നു ജെറാള്‍ഡ് നെറ്റോ എന്ന തിരുവനന്തപുരം സ്വദേശിയെ മര്‍ദ്ദിച്ചു കൊന്നത്. അതേസമയം വിധിയില്‍ കുടുംബത്തിന് തൃപ്തിയില്ല.

ജെറാള്‍ഡ് നെറ്റോയെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റോഡരികില്‍ മര്‍ദ്ദനമേറ്റ് അവശനായി കിടന്ന ജെറാള്‍ഡിനെ പോലീസിന്റെ പട്രോള്‍ സംഘമായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച ജെറാള്‍ഡിനെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിയാണ് ജെറാള്‍ഡ് നെറ്റോ.

കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതിക്ക് 16 വയസ്സായിരുന്നു. അതിനാല്‍ തന്നെ 24 മാസത്തെ ശിക്ഷക്കാലയളവില്‍ 12 മാസക്കാലം കറക്ഷണല്‍ ഹോമിലും അതിനു ശേഷമുള്ള 12 മാസക്കാലം കമ്മ്യുണിറ്റിയില്‍ സൂപ്പര്‍ വിഷനില്‍ ആയിരിക്കണം എന്നുമാണ് വിധിയില്‍ പറഞ്ഞിരിക്കുന്നത്. കുറ്റകൃത്യം നടന്നതില്‍, മരണമടഞ്ഞ നെറ്റോക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ല എന്നും കോടതി നിരീക്ഷിച്ചു.


അതേസമയം, പ്രതിക്ക് കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകള്‍ വിധിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജെറാള്‍ഡിന്റെ മകള്‍ ജെന്നിഫര്‍ ഒരു ഓണ്‍ലൈന്‍ പെറ്റീഷന്‍ ആരംഭിച്ചിട്ടുണ്ട്. വിചാരണ സമയത്ത് ജാമ്യത്തില്‍ ആയിരുന്ന പ്രതി രണ്ടു തവണ ഇലക്ട്രോണിക് ടാഗ് വ്യവസ്ഥകള്‍ ലംഘിച്ചിരുന്നു എന്നും അതിന്റെ പേരില്‍ കോടതിയിലേക്ക് വിളിപ്പിച്ചിരുന്നു എന്നും മകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 19ന് അക്‌സ്ബ്രിഡ്ജ് റോഡിലെ ഡ്യുക്ക് ഓഫ് യോര്‍ക്ക് പബ്ബില്‍ നിന്നിറങ്ങിയ ജെറാള്‍ഡ് റോഡിന്റെ മറുവശത്ത് നില്‍ക്കുകയായിരുന്ന കൗമാരക്കാരനും സുഹൃത്തുക്കള്‍ക്കും ഷേക്ക് ഹാന്‍ഡ് നല്‍കിയതായി പോലീസ് പറയുന്നു. എന്നാല്‍, ഈ കൗമാരക്കാരന്‍, ജെറാള്‍ഡിന്റെ പാന്റ് വലിച്ചൂരി അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലുമായിരുന്നു ജെറാള്‍ഡ് നിലത്തു വീഴുന്നത്. ഒരിക്കല്‍ നിലത്തു വീണ് എഴുന്നേറ്റ അദ്ദേഹത്തെ വീണ്ടും തള്ളി താഴെയിടുന്ന സിസിടിവി ദൃശ്യം ലഭ്യമാണ്.

പ്രതിക്കൊപ്പമുണ്ടായിരുന്ന 20കാരന് നേരത്തെ തന്നെ ജാമ്യം അനുവദിച്ചിരുന്നു. ജെറാള്‍ഡിന്റെ നില ഗുരുതരമാണെന്ന് മനസിലാക്കിയ പ്രതികള്‍ പ്രദേശത്തു നിന്നും ഓടി രക്ഷപെടാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ സഹായാഭ്യര്‍ഥന കേട്ട് പാഞ്ഞെത്തിയ മെട്രോപൊളിറ്റന്‍ പോലീസ് പ്രദേശമാകെ സീല്‍ ചെയ്തു വളഞ്ഞ് പിടികൂടുകയായിരുന്നു.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions