യുവാക്കള്‍ക്കു വീട് കിട്ടാക്കനി: ആദ്യ വീട് വാങ്ങുന്ന 50ന് മുകളില്‍ പ്രായമുള്ളവരുടെ എണ്ണമേറുന്നു
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ വീട് വില ശരവേഗത്തിലാണ് കുതിച്ചുയരുന്നത്. ഇതോടെ മിക്കവര്‍ക്കും ആദ്യമായി ഒരു വീട് വാങ്ങാന്‍ 50 വയസ്സ് തികയുന്നത് വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. തൊഴില്‍ ജീവിതത്തിന്റെ അവസാന കാലത്ത് പ്രോപ്പര്‍ട്ടി വിപണിയില്‍ പ്രവേശിക്കുന്ന 50 കഴിഞ്ഞവരുടെ എണ്ണത്തില്‍ 29 ശതമാനമാണ് വര്‍ദ്ധനവെന്ന് കണക്കുകള്‍ പറയുന്നു.
മോര്‍ട്ട്‌ഗേജുകള്‍ അടച്ചുതീര്‍ത്ത്, റിട്ടയര്‍മെന്റിനായി പദ്ധതി ഒരുക്കുന്ന പരമ്പരാഗത രീതിയില്‍ നിന്നും ചുവടുമാറ്റമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. മോര്‍ട്ട്‌ഗേജ് സ്‌പെഷ്യലിസ്റ്റുകളായ ടെമ്പോ ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റി ഡാറ്റ പരിശോധിച്ചതില്‍ നിന്നുമാണ് 2018 മുതല്‍ 2022 വരെ കാലത്ത് ആദ്യത്തെ വീട് വാങ്ങിയവരില്‍ നല്ലൊരു ശതമാനവും പ്രായം കൂടിയവരാണെന്ന് തിരിച്ചറിഞ്ഞത്.
18 മുതല്‍ 25 വരെ പ്രായമുള്ളവര്‍ പ്രോപ്പര്‍ട്ടി വിപണിയില്‍ പ്രവേശിച്ചവരില്‍ 5630 പേരുടെ കുറവാണ് നേരിട്ടത്. ഒരു ഡെപ്പോസിറ്റ് സ്വന്തമാക്കുന്നത് ബുദ്ധിമുട്ടായി മാറുന്നതാണ് എട്ട് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്താന്‍ ഇടയാക്കിയത്. 26 മുതല്‍ 30 വയസ്സ് വരെ പ്രായത്തിലുള്ളവരുടെ ആദ്യത്തെ വീട് വാങ്ങലില്‍ ഒരു ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തി.
അതേസമയം 31 വയസ് മുതലുള്ള വാങ്ങലുകാരുടെ എണ്ണത്തില്‍ വര്‍ദ്ധനവും പ്രകടമായി. 35 വയസ്സ് മുതലുള്ളവരുടേതില്‍ പത്ത് ശതമാനത്തിന്റെ വര്‍ദ്ധനവാണ് വാങ്ങലുകളില്‍ രേഖപ്പെടുത്തുന്നത്. 35 മുതല്‍ 40 വയസ്സ് വരെയുള്ളവരില്‍ 21 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തി. ഇവരെയെല്ലാം കടത്തിവെട്ട് 46 മുതല്‍ 50 വരെ പ്രായത്തിലുള്ള ആദ്യ വീട് വാങ്ങിയവരുടെ എണ്ണത്തില്‍ 31 ശതമാനമാണ് വളര്‍ച്ച.