ബ്രിസ്റ്റോളില്‍ രണ്ട് കൗമാരക്കാരെ ബസ് യാത്രക്കാരുടെ മുന്നിലിട്ടു കുത്തി കൊലപ്പെടുത്തി; 2 പേര്‍ അറസ്റ്റില്‍
ബ്രിട്ടനെ ഞെട്ടിച്ചു വീണ്ടും കൗമാരക്കൊലപാതകങ്ങള്‍ . കഴിഞ്ഞ ദിവസം രാത്രി ബ്രിസ്റ്റോളിലെ നോല്‍ വെസ്റ്റിലുള്ള ലിമിന്‍സ്റ്റര്‍ അവന്യൂവില്‍ 15, 16 വയസുള്ള രണ്ട് കൗമാരക്കാരെ ബസ് യാത്രക്കാരുടെ മുന്നിലിട്ടു കുത്തി കൊലപ്പെടുത്തി. ഒരു സംഘം ആളുകള്‍ രണ്ട് കൗമാരക്കാരെ ആക്രമിക്കുകയായിരുന്നു . കൊലപാതകത്തിനു ശേഷം അക്രമികള്‍ ഒരു കാറില്‍ കയറി സ്ഥലം വിടുകയും ചെയ്തു. മുറിവേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും, മരണമടയുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒരു 44 കാരനെയും ഒരു 15 കാരനെയും അറസ്റ്റ് ചെയ്തതായി ആവോണ്‍ ആന്‍ഡ് സോമര്‍സെറ്റ് പോലീസ് സ്ഥിരീകരിച്ചു. ഇരുവരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. ഈ ഇരട്ടക്കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. അവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
മരണപ്പെട്ടവര്‍ക്കായി ഇന്നലെ സംഭവസ്ഥലത്ത് അശ്രുപൂജ നടന്നു. പുഷ്പചക്രങ്ങളും മെഴുകുതിരികളുമായി നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. നിരത്തിന്റെവശത്തു വെച്ചായിരുന്നു കൊലപാതകം നടന്നത്. ഇത് നടക്കുമ്പോള്‍ എത്തിയ ഒരു ഡബിള്‍ ഡെക്കര്‍ ബസ്സ് ഇല്‍മിന്‍സ്റ്റര്‍ അവന്യൂവില്‍ പാര്‍ക്ക് ചെയ്തിരുന്നു. അതിലെ യാത്രക്കാരുടെ മുന്‍പില്‍ വെച്ചായിരുന്നു കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. സംഭവം നടക്കുമ്പോള്‍ ബസ്സില്‍ ഉണ്ടായിരുന്ന യാത്രക്കാരുമായും പോലീസ് സംസാരിച്ചു വരികയാണ്.
ഇതിനോടകം തന്നെ നിരവധി ദൃക്‌സാക്ഷികളെ ലഭിച്ചിട്ടുണ്ട്. ഈ കേസിന്റെ അന്വേഷണത്തില്‍ ഒരു തെളിവും തള്ളിക്കളയാതെ, വ്യാപകമായ അന്വേഷണമായിരിക്കും നടക്കുക എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. മാത്രമല്ല, അധികം വൈകാതെ തന്നെ ഇതില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും പിടികൂടുമെന്ന ആത്മവിശ്വാസവും പോലീസ് പ്രകടിപ്പിക്കുന്നു. ശനിയാഴ്ച വൈകിട്ട് നടന്ന സംഭവത്തില്‍ കുത്തേറ്റവരെ ബ്രിസ്റ്റോള്‍ റോയല്‍ ഹോസ്പിറ്റല്‍ ഫോര്‍ ചില്‍ഡ്രനിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ചയായിരുന്നു അവര്‍ മരണമടഞ്ഞത്.