മോശം ഫലങ്ങള്‍ നേടിയ വിദേശ വിദ്യാര്‍ത്ഥികളെ ചാക്കിലാക്കാന്‍ യുകെയിലെ ടോപ്പ് 15 യൂണിവേഴ്‌സിറ്റികള്‍
മോശം പരീക്ഷാ ഫലങ്ങള്‍ നേടിയ വിദേശ വിദ്യാര്‍ത്ഥികളെ പിന്‍വാതില്‍ വഴി പ്രവേശിപ്പിക്കാന്‍ യുകെയിലെ ചില ഉന്നത യൂണിവേഴ്‌സിറ്റികള്‍ ഇടനിലക്കാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. വിദേശ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ഉയര്‍ന്ന ഫീസ് മാത്രം ലക്ഷ്യമിട്ടാണ് മാര്‍ക്കിന്റെ ഗുണനിലവാരം പോലും നോക്കാതെ ഈ വിധത്തില്‍ പിന്‍വാതില്‍ പ്രവേശനം അനുവദിക്കുന്നതെന്നാണ് ആരോപണം.
ജിസിഎസ്ഇ-യില്‍ സി-ലെവലിന് തുല്യമായ മാര്‍ക്ക് വാങ്ങിയാലും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പണം കൊടുത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവേശിക്കാന്‍ കഴിയുമെന്നാണ് റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റി പ്രതിനിധികളുടെ അണ്ടര്‍കവര്‍ റിപ്പോര്‍ട്ടിംഗ് വെളിപ്പെടുത്തുന്നത്. യുകെയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതേ കോഴ്‌സുകളിലേക്ക് എ അല്ലെങ്കില്‍ എ* ഗ്രേഡുകള്‍ നേടിയെങ്കില്‍ മാത്രം പ്രവേശനം ലഭിക്കുമ്പോഴാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് ലഭിക്കുന്നത്.
ബ്രിട്ടീഷ് വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് ഉയര്‍ന്ന ട്യൂഷന്‍ ഫീസ് ഈടാക്കാന്‍ വിദേശ വിദ്യാര്‍ത്ഥികള്‍ വഴിയൊരുക്കുന്നുവെന്നാണ് ഈ സ്ഥാപനങ്ങള്‍ പറയുന്നത്. യുകെയിലെ 24 യൂണിവേഴ്‌സിറ്റികള്‍ ചേരുന്നതാണ് റസല്‍ ഗ്രൂപ്പ്. സണ്‍ഡേ ടൈംസ് നടത്തിയ അന്വേഷണത്തില്‍ ഇതിലെ 15 സ്ഥാപനങ്ങളും കുടുങ്ങിയിട്ടുണ്ട്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി ലഭിക്കുന്നതിലേക്ക് വഴിയൊരുക്കുന്ന അന്താരാഷ്ട്ര ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ക്കാണ് ഈ വിധത്തില്‍ പിന്‍വാതില്‍ പ്രവേശനം.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ സുപ്രധാനമാണെന്ന് ഗ്രൂപ്പ് പറയുന്നു. പാത്ത്‌വേ കോഴ്‌സുകളില്‍ മികച്ച ഗ്രേഡുകള്‍ നേടുമ്പോഴാണ് ഫുള്‍ ടൈം ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശിക്കാന്‍ സാധിക്കുകയെന്ന് യൂണിവേഴ്‌സിറ്റികള്‍ വ്യക്തമാക്കുന്നുണ്ട്. എക്സ്റ്റര്‍ യൂണിവേഴ്‌സിറ്റി, മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി തുടങ്ങി നിരവധി റസല്‍ ഗ്രൂപ്പ് അക്കാഡമികള്‍ക്കായി റിക്രൂട്ടര്‍മാരാണ് വിദേശ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നത്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് 40,000 പൗണ്ട് വരെ വാര്‍ഷിക ഫീസ് നല്‍കുന്നുവെന്നാണ് കണക്ക്.