വെസ്റ്റ് യോര്‍ക്ഷെയറിലെ പബ്ബിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം; അമ്മയെ തിരഞ്ഞ് പോലീസ്
വെസ്റ്റ് യോര്‍ക്ക്ഷയറിലെ ഒരു പബ്ബിലെ ശുചിമുറിയില്‍ ഒരു നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച്ച പ്രാദേശിക സമയം വൈകിട്ട് 4:45 ഓടെയാണ് റോത്ത്‌വെല്ലിന് സമീപമുള്ള, ഔള്‍ട്ടണിലെ ത്രീ ഹോഴ് ഷൂ പബ്ബിലെ ശുചിമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. എമര്‍ജന്‍സി സേവനക്കാര്‍ ഉടനടി സംഭവസ്ഥലത്ത് എത്തുകയും ചെയ്തു.
തികച്ചും ഭീകരമായ ഒരു സംഭവം എന്ന് ഇതിനെ വിശേഷിപ്പിച്ച പോലീസ് ഈ കുഞ്ഞിന്റെ അമ്മയോട് ഉടനടി വൈദ്യസഹായം തേടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം പോലീസുമായി ബന്ധപ്പെടാനും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസവം കഴിഞ്ഞ ഉടനെ ആയതിനാല്‍ ഈ സമയം, അമ്മയ്ക്കും പ്രസവാനന്തര ശുശ്രൂഷകള്‍ ആവശ്യമായി വരുമെന്നും പോലീസ് വക്താവ് അറിയിച്ചു.
നിര്‍ഭാഗ്യകരമായ സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി പബ്ബ് വക്താവ് സമൂഹമാധ്യമങ്ങളില്‍ എത്തി. ഈ അസാധാരണ ഘട്ടത്തില്‍ സഹായവും പിന്തുണയുമായി വന്ന എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട സാഹചര്യത്തെ കുറിച്ച് വിശദമായ അന്വേഷണം ഇന്നലെ ആരംഭിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
അമ്മയുടെ ആരോഗ്യവും ക്ഷേമവുമാണ് ഇപ്പോള്‍ പ്രഥമ പരിഗണനയില്‍ ഉള്ളതെന്ന് പറഞ്ഞ പോലീസ്, അവരെ കണ്ടെത്തുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അറിയിച്ചു. പോലീസ് സേനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ 101 എന്ന നമ്പറിലോ പോലീസുമായി ബന്ധപ്പെടാനും അമ്മയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസുമായി ബന്ധപ്പെടാന്‍ താത്പര്യമില്ലെങ്കില്‍ ലീഡ്‌സിലെ മറ്റേണിറ്റി അസസ്സ്‌മെന്റ് യൂണിറ്റുമായി ബന്ധപ്പെടുകയും ആവാം.
സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ എല്‍മെറ്റ് ആന്ദ് റോത്ത്‌വെല്‍ എം പി സര്‍ അലെക് ഷെല്‍ബ്രൂക്ക് ജനങ്ങളോട് ഈ അവസരത്തില്‍ ഊഹോപോഹങ്ങള്‍ പരത്തരുത് എന്ന് അപേക്ഷിച്ചു. അമ്മയെ എത്രയും പെട്ടെന്ന് കണ്ടെത്തി അവര്‍ക്കാവശ്യമായ വൈദ്യ സഹായം എത്തിക്കുന്നതിനാണ് ഇപ്പോള്‍ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം അറിയിച്ചു.