ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ(ഒ എന്‍ എസ്) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2021 നും 2036 നും ഇടയില്‍ ജനസംഖ്യയില്‍ 9.9 ശതമാനം വര്‍ദ്ധനവുണ്ടാകും. 61 ലക്ഷം നെറ്റ് മൈഗ്രേഷന്‍ ഉള്‍പ്പടെയാണിത്. ഇതോടൊപ്പം, മരണസംഖ്യയേക്കാള്‍ 5 ലക്ഷത്തോളം ജനനങ്ങള്‍ കൂടുതലായി ഉണ്ടാവുകയും ചെയ്യും. അതിനോടൊപ്പം 2036 ആകുമ്പോഴേക്കും 85 വയസ്സിനു മുകളില്‍ പ്രായമുള്ള പത്ത് ലക്ഷത്തോളം പേര്‍ അധികമായി ബ്രിട്ടനിലുണ്ടാകുമെന്നും കണക്കുകള്‍ പറയുന്നു.
നെറ്റ് മൈഗ്രേഷന്‍ വളരെ കൂടുതലാണെന്നും അത് എത്രയും പെട്ടെന്ന് കുറയ്ക്കണമെന്നുമാണ് പ്രധാനമന്ത്രി ചിന്തിക്കുന്നതെന്ന് നമ്പര്‍ 10 വക്താവ് അറിയിച്ചു. നിലവിലെ 67 മില്യനില്‍ നിന്നും ജനസംഖ്യ, പ്രതീക്ഷിക്കുന്ന 73.7 മില്യനിലെത്തുന്നത് അമിത വേഗതയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022-ല്‍ യു കെയില്‍ നെറ്റ് ഇമിഗ്രേഷന്‍ 7,45,000 രേഖപ്പെടുത്തിയതോടെയാണ് നേരത്തെ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ജനസംഖ്യ വര്‍ദ്ധിക്കുമെന്ന നിഗമനത്തിലെത്തിയത്.
2026 മദ്ധ്യത്തോടെ യു കെ ജനസംഖ്യ 70 മില്യനില്‍ എത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് 2022-ല്‍ പ്രവചിച്ചിരുന്നതിലും ഒരു പതിറ്റാണ്ട് മുന്‍പെ ഇത് സംഭവിക്കും. ഒ എന്‍ എസ്സിന്റെ കണക്കുകള്‍ പ്രകാരം 2021 നും 2036 നും ഇടയില്‍ 10.8 മില്യണ്‍ ആളുകള്‍ ജനിക്കും. 10.3 മില്യണ്‍ ആളുകള്‍ മരണമടയും. 13.7 മില്യണ്‍ ആളുകള്‍ ദീര്‍ഘകാല വാസത്തിനായി യു കെയിലേക്ക് കുടിയേറും. 7.6 മില്യണ്‍ ആളുകള്‍ യു കെയിലെ ദീര്‍ഘകാല വാസം ഉപേക്ഷിച്ച് മടങ്ങും.
ഒ എന്‍ എസ്സിലെ സ്റ്റാറ്റിസ്റ്റീഷ്യന്മാര് കണക്കു കൂട്ടുന്നത് 2028 മുതല്‍ ഓരോ വര്‍ഷവും നെറ്റ് മൈഗ്രേഷന്‍ വഴി ജനസംഖ്യയില്‍ 3,15,000 പേരുടെ വര്‍ദ്ധനവ് ഉണ്ടാകും എന്നാണ്.