വയറിന് സര്‍ജറി; കെയ്റ്റ് രാജകീയ ഡ്യൂട്ടിയില്‍ നിന്നും ഈസ്റ്റര്‍ വരെ വിട്ടുനില്‍ക്കും
വയറില്‍ സര്‍ജറി പൂര്‍ത്തിയാക്കിയ വെയില്‍സ് രാജകുമാരി കെയ്റ്റ് മിഡില്‍ട്ടൺ ആശുപത്രിയില്‍ നിന്നും മടങ്ങി. എന്നാല്‍ കെയ്റ്റ് പൂര്‍ണ്ണമായി രോഗമുക്തി നേടി ആരോഗ്യം വീണ്ടെടുക്കാന്‍ ഇനിയും ഏറെ നാള്‍ വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 14 ദിവസത്തിന് ശേഷമാണ് ലണ്ടന്‍ ക്ലിനിക്കില്‍ നിന്നും 42-കാരിയായ കെയ്റ്റ് വിന്‍ഡ്‌സര്‍ ഗ്രേറ്റ് പാര്‍ക്കിലെ അഡ്‌ലെയ്ഡ് കോട്ടേജില്‍ മടങ്ങിയെത്തിയത്.
ഭര്‍ത്താവ് വില്ല്യമും, മൂന്ന് കുട്ടികളും കെയ്റ്റിന് അരികിലുണ്ട്. എത്രയും വേഗം പൊതുമുഖത്ത് മടങ്ങിയെത്താന്‍ തന്നെയാണ് കെയ്റ്റ് ആഗ്രഹിക്കുന്നതെങ്കിലും സാധാരണ നില വീണ്ടെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് കരുതുന്നത്. ഈസ്റ്റര്‍ വരെയെങ്കിലും രാജകുമാരി ഔദ്യോഗിക ഡ്യൂട്ടികളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് സാധ്യത.
അത്യാവശ്യ ജോലികള്‍ ബെഡില്‍ നിന്ന് തന്നെ തുടരും. പബ്ലിക് ഡ്യൂട്ടികളിലേക്കുള്ള തിരിച്ചുവരവ് മെഡിക്കല്‍ ഉപദേശങ്ങളെ ആസ്പദമാക്കിയാകും നല്‍കുകയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വില്ല്യം രാജകുമാരന്‍ രക്ഷാകര്‍ത്താവിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ഔദ്യോഗിക ഡ്യൂട്ടികളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കെയ്റ്റിന്റെ അവസ്ഥ ഭേദമാകുന്നത് വരെ പൊതുപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് തീരുമാനം.
'വെയില്‍സ് രാജകുമാരി ഓപ്പറേഷന് ശേഷം ആരോഗ്യം വീണ്ടെടുക്കാന്‍ വിന്‍ഡ്‌സറിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. സ്ഥിതിയില്‍ നല്ല പുരോഗതിയുണ്ട്. ലണ്ടന്‍ ക്ലിനിക്കിലെ നഴ്‌സിംഗ് സ്റ്റാഫ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരിചരണത്തിന് നന്ദി അറിയിക്കുന്നു', കെന്‍സിംഗ്ടണ്‍ കൊട്ടാര വക്താവ് പറഞ്ഞു.