ഹൈവേ കോഡിലെ മാറ്റങ്ങള്‍ ഭൂരിഭാഗം ഡ്രൈവര്‍മാര്‍ക്കും അറിയില്ല; ഫിക്സ്ഡ് പെനാല്‍റ്റി നോട്ടീസിന്റെ എണ്ണത്തില്‍ കുതിപ്പ്
രണ്ട് വര്‍ഷം മുന്‍പ് പ്രാബല്യത്തില്‍ വന്ന ഹൈവേ കോഡിലെ മാറ്റങ്ങള്‍ ഭൂരിഭാഗം ഡ്രൈവര്‍മാര്‍ക്കും ഇപ്പോഴും ശരിക്കു അറിയില്ലെന്നു റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ ഫിക്സ്ഡ് പെനാല്‍റ്റി നോട്ടീസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2022 ല്‍ ഹൈവേ കോഡില്‍ കൊണ്ടുവന്ന മാറ്റങ്ങളില്‍ കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും ജംഗ്ഷനുകളില്‍ മുന്‍ഗണന നല്‍കണമെന്ന മാറ്റവും ഉള്‍പ്പെട്ടിരുന്നു. അതുപോലെ വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെയുള്ള നിയമത്തിലെ പഴുതുകള്‍ അടക്കുകയും ചെയ്തിരുന്നു.
ഇന്നലെ ഹോം ഓഫീസ് പുറത്തു വിട്ട പുതിയ കണക്കുകളില്‍ പറയുന്നത്, ട്രാഫിക് സൈനുകള്‍ അവഗണിച്ചതിനും, കാല്‍നടയാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാത്തതിനുമായി നല്‍കിയ ഫിക്സ്ഡ് പെനാല്‍റ്റി നോട്ടീസുകളുടെ (എഫ് പി എന്‍) എണ്ണത്തില്‍ മൂന്നിരട്ടി വര്‍ദ്ധനവുണ്ടായി എന്നാണ്. അതേസമയം, വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചതിനുള്ള നോട്ടീസുകളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിക്കുകയും ചെയ്തു.
കാല്‍നടയാത്രക്കാര്‍ക്കായി റോഡുകള്‍ സുരക്ഷിതമാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ പരാജയപ്പെട്ടതോടെഹൈവേ കോഡില്‍ കൊണ്ടുവന്ന മാറ്റങ്ങളെ കുറിച്ച് മിക്ക ഡ്രൈവര്‍മാര്‍ക്കും അവബോധമില്ല എന്ന സര്‍വ്വേഫലം പുറത്തു വന്നതിന് പിന്നാലെയാണ് ഈ കണക്കുകളും പുറത്ത് വന്നിരിക്കുന്നത്. ബ്രിട്ടനിലെ നിരത്തുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും നിയമങ്ങളും അടങ്ങിയ ഹൈവേ കോഡ് 20222 ജനുവരി 20 ന് ആയിരുന്നു ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ട് (ഡി എഫ് ടി) പരിഷ്‌കരിച്ചത്.
ഏറ്റവും അധികം അപകട സാധ്യതയുള്ള കാല്‍നട യാത്രക്കാരുടെയും സൈക്കിള്‍ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്ന വിധത്തില്‍ ആയിരുന്നു ഇത് പരിഷ്‌കരിച്ചത്. റോഡ് ഉപയോക്താക്കളുടെ അവകാശക്രമം എന്ന് അറിയപ്പെടുന്ന ഈ മാറ്റങ്ങളില്‍ ഒരു പിരമിഡ് മാതൃകയിലുള്ള സമ്പ്രദായമാണ് ഉള്ളത്. ഏറ്റവും അധികം അപകടങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള വാഹനങ്ങള്‍ക്ക് ഏറ്റവും അധികം ഉത്തരവാദിത്തം നല്‍കുന്നു. ചുറ്റുമുള്ള മറ്റു വാഹനങ്ങളേക്കാള്‍ പരിഗണന കുറവായിരിക്കും അവര്‍ക്ക്.
ഒരു ജംഗ്ഷനില്‍ വാഹനം തിരിക്കുമ്പോള്‍ ആര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത് എന്നും അതില്‍ വ്യക്തമാക്കുന്നു. ഒരു കാല്‍നടയാത്രക്കാരനായിരിക്കണം പ്രഥമ പരിഗണന. അതു കഴിഞ്ഞ സൈക്കിള്‍ യാത്രക്കാരന്. ഏതൊരു അവസരത്തിലും കാല്‍നടക്കാര്‍ക്കും അതുപോലെ സൈക്കിള്‍ യാത്രക്കാര്‍ക്കുമായിരിക്കും റോഡില്‍ പ്രാധാന്യം ലഭിക്കുക. മറ്റുള്ള വാഹനങ്ങള്‍ ഓടിക്കുന്നവര്‍, അവര്‍ക്ക് കടന്നു പോകുന്നതിനായി സൗകര്യം ഒരുക്കണം.
എന്നാല്‍, ഈ മാസം ആര്‍ എ സി സര്‍വ്വേ നടത്തിയ 2,500 ഡ്രൈവര്‍മാരില്‍ വളരെ ചുരുക്കം പേര്‍ മാത്രമാണ് തങ്ങള്‍ ഇപ്രകാരം ചെയ്യാറുണ്ടെന്ന് സമ്മതിച്ചത്. വെറും 23 ശതമാനം ഡ്രൈവര്‍മാര്‍ മാത്രമാണ്, തങ്ങള്‍ നിരത്തുകളില്‍ കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ സവാരിക്കാര്‍ക്കും പരിഗണന നല്‍കാറുണ്ടെന്ന് പറഞ്ഞത്. 19 ശതമാനം പേര്‍ പറഞ്ഞത് എപ്പോഴുമൊന്നും അങ്ങനെ ചെയ്യാറില്ല എന്നായിരുന്നെങ്കില്‍ 6 ശതമാനം പേര്‍ ഒരിക്കലും കാല്‍നടയാത്രക്കാര്‍ക്ക് പോകാനായി വാഹനം നിര്‍ത്താറില്ല എന്ന് സമ്മതിച്ചു.
എഫ് ടി എന്‍ ന്റെ കാര്യത്തില്‍ ഉണ്ടായ കുതിച്ചു ചാട്ടത്തിന്റെ പ്രാധാന കാരണം ഹൈവേ കോഡിലുണ്ടായ മാറ്റം തന്നെയാണെന്ന് എ എ പറയുന്നു. മാറ്റങ്ങള്‍ കാല്‍നടയാത്രക്കാരന്റെ സുരക്ഷ കൂട്ടിയിട്ടില്ലെന്നാണ് കണക്കുകള്‍ പറയുന്നത്.
2022- ലെ ഔദ്യോഗിക കണക്കനുസരിച്ച് പത്തില്‍ മൂന്ന് കാല്‍നടക്കാര്‍ വീതം ഗുരുതരമായ അപകടങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. മാത്രമല്ല, മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതല്‍ കാല്‍നടക്കാര്‍ അപകടത്തില്‍ പെട്ടതായും കണക്കുകള്‍ പറയുന്നു. 2021- ല്‍ വിവിധ അപകടങ്ങളിലായി 361 കാല്‍നട യാത്രക്കാര്‍ കൊല്ലപ്പെട്ടപ്പൊള്‍ 2022-ല്‍ അത് 385 ആയി വര്‍ദ്ധിച്ചു. 7 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.