പണപ്പെരുപ്പം, കുതിച്ചുയരുന്ന പലിശ നിരക്കുകള്‍, ജീവിതച്ചെലവ് പ്രതിസന്ധി ഇവയെല്ലാം കൂടി ബ്രിട്ടനിലെ ഭവനവിലകള്‍ 12 വര്‍ഷത്തിനിടെ അതിവേഗത്തില്‍ താഴേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. 12 വര്‍ഷത്തിനിടെ കാണാത്ത തോതില്‍ 6000 പൗണ്ടോളം ഭവനവില ഇടിഞ്ഞു പോയെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്ക്.
എന്നാല്‍ ഈ ട്രെന്‍ഡിനൊപ്പം ചേരാതെ സ്വയം പിടിച്ചുനിന്ന ചില ഇടങ്ങളുമുണ്ട്. 2024 ഹൗസിംഗ് വിപണിക്ക് അത്ര മോശമാകില്ലെന്ന സൂചനയാണ് ഇവിടങ്ങള്‍ വ്യക്തമാക്കുന്നത്. വില്‍ക്കാനുള്ള വീടുകളുടെ എണ്ണം, പ്രാദേശിക തൊഴില്‍ വിപണി, വിദ്യാഭ്യാസം, ഗതാഗതം പോലുള്ള സേവനങ്ങളും ആസ്പദമാക്കിയാണ് വീടുകളുടെ വിലയെ സ്വാധീനിക്കുന്നതെന്ന് ഹാലിഫാക്‌സ് മോര്‍ട്ട്‌ഗേജസ് ഡയറക്ടര്‍ കിം കിന്നിയാര്‍ഡ് പറഞ്ഞു.
പോവിസ്, ഹഡേഴ്‌സ്ഫീല്‍ഡ്, ഫാള്‍മൗത്ത്, ഈലിംഗ് എന്നീ മേഖലകളിലാണ് മറ്റിടങ്ങളില്‍ വില ഇടിയുമ്പോള്‍ നിരക്ക് വര്‍ദ്ധിച്ചത്. കോണ്‍വാളിലെ ഫാള്‍മൗത്തില്‍ 2022 അവസാനം വീട് വില്‍പ്പന നടന്നത് 350,184 പൗണ്ടിലായിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 356,561 പൗണ്ടിലേക്ക് ഉയര്‍ന്നു. രണ്ട് യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പെടെ ഈ പോര്‍ട്ട് നഗരത്തില്‍ സ്ഥിതി ചെയ്യുന്നുണ്ട്.
വെസ്റ്റ് ലണ്ടനിലെ ഈലിംഗില്‍ ഒരു വര്‍ഷം മുന്‍പ് 494,100 പൗണ്ടായിരുന്ന മൂല്യം 7.5% വര്‍ദ്ധിച്ച് 531,127 പൗണ്ടിലേക്കും ഉയര്‍ന്നു. വെയില്‍സിലെ പോവിസിലാണ് ഏറ്റവും വലിയ വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയത്. 17.4 ശതമാനമാണ് ഇവിടെ വില കൂടിയത്. 216,307 പൗണ്ട് ആയിരുന്നത് 253,958 പൗണ്ടിലേക്കാണ് വര്‍ദ്ധിച്ചത്. യോര്‍ക്ക്ഷയറിലെ ഹഡേഴ്‌സ്ഫീല്‍ഡില്‍ ഇപ്പോള്‍ ഒരു ശരാശരി വീടിന് 275,438 പൗണ്ടാണ് വില. മുന്‍ വര്‍ഷം ഇത് 253,301 പൗണ്ടായിരുന്നുവെന്ന് ഹാലിഫാക്‌സ് പറയുന്നു.