യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഗ്രാന്‍ഡ് പേരന്റ്സിന് സൗജന്യ ടിക്കറ്റ് ഓഫര്‍ ചെയ്ത് ഈസിജെറ്റ്. ഈസിജെറ്റിന്റെ പുതിയ ഹോളിഡേ ഡീല്‍ ആയ ഗ്രാന്‍ഡ് ഗോ ഫ്രീ ഓഫര്‍ പ്രകാരം കുടുംബവുമൊത്ത് ഒഴിവുകാല യാത്രക്ക് ഇറങ്ങുമ്പോള്‍, മുത്തച്ഛനെയും മുത്തശ്ശിയെയും കൂടെക്കൂട്ടിയാല്‍ അവരുടെ ടിക്കറ്റ് തികച്ചും സൗജന്യമായിരിക്കും.
'കിഡ്സ് ഗോ ഫ്രീ' എന്ന് ഓഫറിലാണ് ഈ അസാധാരണമായ സൗകര്യം ഒരുക്കിയിരിക്കുന്നത്. വിദേശങ്ങളില്‍ ഒഴിവുകാലം ആസ്വദിക്കാന്‍ പോകുന്ന കുടുംബങ്ങളില്‍ 51 ശതമാനം പേരും കുടുംബത്തിലെ ഗ്രാന്റ് പാരന്റ്‌സിനെ കൂടെ കൊണ്ടുപോകാറില്ല എന്ന ഒരു പഠന റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് ഇത്തരമൊരു ഓഫര്‍ ഈസിജെറ്റ് നല്‍കിയിരിക്കുന്നത്.
സ്പെയിന്‍, ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഈ സൗജന്യ ഓഫര്‍ ഉള്ളത്. ഈസി ജെറ്റ് ഹോളിഡേയ്സ് ബിഗ് ഓറഞ്ച് സെയിലിന്റെ അവസാന ആഴ്ച്ചയിലാണ് ഈ ഓഫര്‍ പുറത്തുവിട്ടിരിക്കുന്നത്. വരുന്ന തിങ്കളാഴ്ച്ച വരെ ഈ ഓഫര്‍ സ്വീകരിക്കുന്നവര്‍ക്ക് 400 പൗണ്ടിന്റെ കിഴിവ് അധികമായി ലഭിക്കുകയും ചെയ്യും. ഇതിനുള്ള യോഗ്യത നേടുവാനായി മുത്തച്ഛന്മാരോ മുത്തശ്ശിമാരോ, ചുരുങ്ങിയത് ഒരു കുട്ടിയെങ്കിലും ഉള്ള ഒരു കുടുംബത്തിനൊപ്പമായിരിക്കണം യാത്ര ചെയ്യേണ്ടത്.
പോകേണ്ട സ്ഥലമെത്തുമ്പോള്‍ വയസ്സും ബന്ധവും തെളിയിക്കുന്ന രേഖകള്‍ കൂടി കൈയ്യില്‍ കരുതണം.നിങ്ങളുടെ സ്വന്തം പേരക്കുട്ടികള്‍ അല്ലാതെ, മറ്റ് കുട്ടികള്‍ക്ക് ഒപ്പമെത്തിയാല്‍ നിങ്ങള്‍ക്ക് പണം നല്‍കേണ്ടതായി വന്നേക്കും. ഫെബ്രുവരി 1 മുതല്‍ ഈ ഓഫര്‍ നിലവില്‍ വന്നിട്ടുണ്ട്. എന്നിരുന്നാലും, ഈ ഓഫര്‍ പരിമിതമാണ് എന്നതിനാല്‍, എത്രയും പെട്ടെന്ന് അതിനായി ശ്രമിക്കുക.