ലണ്ടന്‍: ബ്രിട്ടനില്‍ ഫാര്‍മസി ഫസ്റ്റ് അഡ്വാന്‍സ്ഡ് സേവനം പ്രാബല്യത്തില്‍. ഇതോടെ ഇനി ജിപിയില്‍ പോകാതെ ഏഴ് അസുഖങ്ങള്‍ക്ക് കൂടി ചികിത്സ ലഭിക്കും. എന്‍എച്ച്എസ് ഫാര്‍മസി ഫസ്റ്റ് അഡ്വാന്‍സ്ഡ് സര്‍വീസ് എന്ന പേരിലുള്ള പുതിയ സംവിധാനം പ്രാബല്യത്തിലായി. ചെവി വേദന, തലകറക്കം പ്രാണികള്‍ കടിക്കുന്നതു മൂലമുള്ള അലര്‍ജികള്‍, ഷിംഗിള്‍സ്, സൈനസൈറ്റിസ്, തൊണ്ടവേദന, സങ്കീര്‍ണമല്ലാത്ത യൂറിനറി ട്രാക്ക് ഇന്‍ഫെക്ഷന്‍ എന്നിവയ്ക്ക് ഫാര്‍മസി കൗണ്ടറില്‍ നിന്നും നേരിട്ട് മരുന്നു വാങ്ങാന്‍ പറ്റുന്ന സംവിധാനമാണിത്.
ഈ സംവിധാനം പ്രാബല്യത്തിലാകുന്നതോടെ പ്രതിവര്‍ഷം ഒരു കോടിയോളം ആശുപത്രി അപ്പോയ്ന്റ്മെന്റുകള്‍ ലാഭിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. തിരഞ്ഞെടുക്കപ്പെട്ട ഫാര്‍മസികളില്‍ നേരിട്ടെത്തിയോ ഫാര്‍മസിസ്റ്റുമായി വിഡിയോ കണ്‍സള്‍ട്ടേഷന്‍ വഴിയോ രോഗികള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ഓരോ രോഗത്തിനും രോഗികളുടെ പ്രായം പ്രധാന ഘടകമാണ്. ചില നിശ്ചിത പ്രായത്തിലുള്ളവരെ ഈ സേവനത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഇവയ്ക്കു പുറമേ ഫാര്‍മസികള്‍ രക്തസമ്മര്‍ദ്ദ പരിശോധനയും ഒരുക്കും. നിലവിലുള്ള കമ്മ്യൂണിറ്റി ഫാര്‍മസിസ്റ്റുകളുടെ കൂടുതല്‍ സേവനം ലഭ്യമാക്കിയാകും പദ്ധതി നടപ്പിലാക്കുക. രാജ്യത്ത് ഇതുവരെ പതിനായിരത്തിലധികം ഫാര്‍മസികള്‍ ഈ സേവനം നല്‍കാന്‍ സന്നദ്ധതയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.