ഫ്ലൂവും നോറോവൈറസും ബാധിച്ച് വിന്ററില്‍ ഇംഗ്ലണ്ടിലെ ആശുപത്രികളിലെത്തിയ രോഗികളുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ്. ജനുവരി 28 വരെയുള്ള ഓരോ ദിവസവും 2914 രോഗികളാണ് ആശുപത്രി ബെഡുകളിലെത്തിയത്. ഒരു മാസം മുന്‍പത്തെ കണക്കുകളില്‍ നിന്നും 73 ശതമാനമാണ് വര്‍ധന.
ഇതില്‍ 688 പേരാണ് ശര്‍ദ്ദിക്കുന്ന വിന്റര്‍ വൈറസായ നോറോവൈറസ് ബാധിച്ചവര്‍. ഒരു മാസം മുന്‍പ് ഇത് 376 പേര്‍ മാത്രമായിരുന്നു. ഫ്ലൂ ബാധിച്ച് ആശുപത്രികളിലെത്തിയവരുടെ എണ്ണത്തില്‍ ഒരു മാസത്തിനിടെ 70 ശതമാനം വര്‍ധനവും രേഖപ്പെടുത്തി.
'സീസണല്‍ വൈറസുകളുടെ സമ്മര്‍ദത്തില്‍ വെല്ലുവിളി നിറഞ്ഞ വിന്റര്‍ നേരിടുകയാണ് എന്‍എച്ച്എസ്. ഇതിനകം തന്നെ ഫ്ലൂ, നോറോവൈറസ് ബാധിച്ച രോഗികളുടെ ഉയര്‍ന്ന കണക്കുകളാണ് ആശുപത്രികള്‍ നേരിട്ടിരിക്കുന്നത്', എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ പ്രൊഫ. ജൂലിയന്‍ റെഡ്‌ഹെഡ് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയിലെ കണക്കുകള്‍ എന്‍എച്ച്എസില്‍ കൂടുതല്‍ ബെഡുകള്‍ വേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'വിന്ററില്‍ ബെഡുകളിലേക്ക് ഉയര്‍ന്ന തോതില്‍ രോഗികള്‍ എത്തുന്നു. ശേഷി വര്‍ദ്ധിപ്പിക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ കഠിനപ്രയത്‌നം നടത്തുന്നുണ്ട്. എന്നിരുന്നാലും ഫ്ലൂ, കോവിഡ് വാക്‌സിനുകള്‍ സ്വീകരിച്ച് സുരക്ഷിതരാകണം', പ്രൊഫ. റെഡ്‌ഹെഡ് ആവശ്യപ്പെട്ടു.