യു.കെ.വാര്‍ത്തകള്‍

വിദേശ വിദ്യാര്‍ത്ഥികളുടെ റിക്രൂട്ട്മെന്റ് നടപടികള്‍ പുനഃപരിശോധിക്കുമെന്ന് ബ്രിട്ടീഷ് യൂണിവേഴ്സിറ്റികള്‍

യുകെയിലെ പ്രമുഖ യൂണിവേഴ്സിറ്റികള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളില്‍ വലിയ ഇളവുകള്‍ നല്‍കുന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ റിക്രൂട്ട്മെന്റ് നടപടികള്‍ പുനഃപരിശോധിക്കുമെന്ന് വൈസ് ചാന്‍സലര്‍മാര്‍. വിദേശങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി നിയമിച്ചിരിക്കുന്ന ഏജന്റുമാരുടെ പ്രവര്‍ത്തികള്‍ ഉള്‍പ്പടെയുള്ളവ അന്വേഷണ പരിധിയില്‍ വരും. യുകെയിലെ യൂണിവേഴ്സിറ്റികളെ പ്രതിനിധീകരിക്കുന്ന യൂണിവേഴ്സിറ്റീസ് യു കെ യാണ് ഇക്കാര്യം അറിയിച്ചത്.


റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ പ്രവര്‍ത്തന രീതികള്‍, ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ പ്രോഫ്രാമുകള്‍ എന്നിവയ്ക്കൊപ്പം യൂണിവേഴ്സിറ്റി പ്രവേശനത്തിന് അടിസ്ഥാനമായ കോഡ് ഓഫ് പ്രാക്ടീസും വിശകലനത്തിന് വിധേയമാക്കും. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി വിദേശ വിദ്യാര്‍ത്ഥികളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയരുകയാണെന്ന് പറഞ്ഞ യൂണിവേഴ്സിറ്റീസ് യു കെ വക്താവ് പക്ഷെ പല റിപ്പോര്‍ട്ടുകളിലും തെറ്റായ വസ്തുതകളായിരുന്നു ഉണ്ടായിരുന്നത് എന്നും വ്യക്തമാക്കി. എന്നിരുന്നാലും, വിദ്യാര്‍ത്ഥികളുടേയും, മാതാപിതാക്കളുടെയും, സര്‍ക്കാരിന്റെയും സംശയങ്ങള്‍ ദൂരീകരിച്ച്, ഈ സിസ്റ്റം പിഴവറ്റതാണെന്നും, സുതാര്യമാണെന്നും ബോദ്ധ്യപ്പെടുത്തേണ്ടതുണ്ടെന്നും വക്താവ് അറിയിച്ചു.


യു കെ വിദ്യാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ ഫീസ് നല്‍കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി പ്രവേശന മാനദണ്ഡങ്ങള്‍ പലതിലും യൂണിവേഴ്സിറ്റികള്‍ ഇളവുകള്‍ നല്‍കുന്നു എന്നായിരുന്നു ആരോപണം ഉയര്‍ന്നത്.


മോശം പരീക്ഷാ ഫലങ്ങള്‍ നേടിയ വിദേശ വിദ്യാര്‍ത്ഥികളെ പിന്‍വാതില്‍ വഴി പ്രവേശിപ്പിക്കാന്‍ യുകെയിലെ ചില ഉന്നത യൂണിവേഴ്‌സിറ്റികള്‍ ഇടനിലക്കാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു . വിദേശ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ഉയര്‍ന്ന ഫീസ് മാത്രം ലക്ഷ്യമിട്ടാണ് മാര്‍ക്കിന്റെ ഗുണനിലവാരം പോലും നോക്കാതെ ഈ വിധത്തില്‍ പിന്‍വാതില്‍ പ്രവേശനം അനുവദിക്കുന്നതെന്നാണ് ആരോപണം.
ജിസിഎസ്ഇ-യില്‍ സി-ലെവലിന് തുല്യമായ മാര്‍ക്ക് വാങ്ങിയാലും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പണം കൊടുത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവേശിക്കാന്‍ കഴിയുമെന്നാണ് റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റി പ്രതിനിധികളുടെ അണ്ടര്‍കവര്‍ റിപ്പോര്‍ട്ടിംഗ് വെളിപ്പെടുത്തുന്നത്. യുകെയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതേ കോഴ്‌സുകളിലേക്ക് എ അല്ലെങ്കില്‍ എ* ഗ്രേഡുകള്‍ നേടിയെങ്കില്‍ മാത്രം പ്രവേശനം ലഭിക്കുമ്പോഴാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് ലഭിക്കുന്നത്.

ബ്രിട്ടീഷ് വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് ഉയര്‍ന്ന ട്യൂഷന്‍ ഫീസ് ഈടാക്കാന്‍ വിദേശ വിദ്യാര്‍ത്ഥികള്‍ വഴിയൊരുക്കുന്നുവെന്നാണ് ഈ സ്ഥാപനങ്ങള്‍ പറയുന്നത്. യുകെയിലെ 24 യൂണിവേഴ്‌സിറ്റികള്‍ ചേരുന്നതാണ് റസല്‍ ഗ്രൂപ്പ്. സണ്‍ഡേ ടൈംസ് നടത്തിയ അന്വേഷണത്തില്‍ ഇതിലെ 15 സ്ഥാപനങ്ങളും കുടുങ്ങിയിട്ടുണ്ട്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി ലഭിക്കുന്നതിലേക്ക് വഴിയൊരുക്കുന്ന അന്താരാഷ്ട്ര ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ക്കാണ് ഈ വിധത്തില്‍ പിന്‍വാതില്‍ പ്രവേശനം.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ സുപ്രധാനമാണെന്ന് ഗ്രൂപ്പ് പറയുന്നു. പാത്ത്‌വേ കോഴ്‌സുകളില്‍ മികച്ച ഗ്രേഡുകള്‍ നേടുമ്പോഴാണ് ഫുള്‍ ടൈം ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശിക്കാന്‍ സാധിക്കുകയെന്ന് യൂണിവേഴ്‌സിറ്റികള്‍ വ്യക്തമാക്കുന്നുണ്ട്. എക്സ്റ്റര്‍ യൂണിവേഴ്‌സിറ്റി, മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി തുടങ്ങി നിരവധി റസല്‍ ഗ്രൂപ്പ് അക്കാഡമികള്‍ക്കായി റിക്രൂട്ടര്‍മാരാണ് വിദേശ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നത്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് 40,000 പൗണ്ട് വരെ വാര്‍ഷിക ഫീസ് നല്‍കുന്നുവെന്നാണ് കണക്ക്.


എന്നാല്‍, ഇത് തീര്‍ത്തും തെറ്റായ വിവരമാണെന്നായിരുന്നു ഡുറം യൂണിവേഴ്സിറ്റി വക്താവ് പറഞ്ഞത്. ഫൗണ്ടേഷന്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവരുടേത് ഉള്‍പ്പടെ എല്ലാ വിദേശ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനത്തിനുള്ള യോഗ്യത തദ്ദേശീയരായ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങളോട് സമമാണെന്നും വക്താവ് അറിയിച്ചു.അതേസമയം, ഇംഗ്ലണ്ടില്‍ ട്യുഷന്‍ ഫീസ് ലോണുകള്‍ അവിഷ്‌കരിച്ച മുന്‍ യൂണിവേഴ്സിറ്റീസ് മിനിസ്റ്റര്‍ ഡേവിഡ് വില്ലെറ്റ്സ് പറയുന്നത് ഫീസ് വര്‍ദ്ധന സര്‍ക്കാര്‍ മരവിപ്പിച്ചതിനാലാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ അമിതമായി ആശ്രയിക്കേണ്ടി വരുന്നത് എന്നാണ്.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions