ബീന വിന്നിയ്ക്കു കണ്ണീരോടെ യാത്രാമൊഴിയേകി മലയാളി സമൂഹം
സാലിസ്ബറിയിലെ ആദ്യകാല മലയാളികളില്‍ ഒരാളും സാലിസ്ബറി മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവുമായിരുന്ന ബീന വിന്നിയ്ക്ക് (54) യുകെയിലെ മലയാളി സമൂഹം അന്ത്യ യാത്രാമൊഴിയേകി. ഫെബ്രുവരി മൂന്നിന് 12.45 – ഓടെയാണ് ബീന വിന്നിയുടെ മൃതദേഹം സ്വഭവനത്തില്‍ എത്തിച്ചത് . ഫാ .സജി മാത്യു ആണ് ഭവനത്തില്‍ വച്ച് നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് സാലിസ്ബറിയിലെ ഹോളി റെഡീമര്‍ ചര്‍ച്ചില്‍ ആണ് പൊതുദര്‍ശനവും പ്രാര്‍ത്ഥന ശുശ്രൂഷകളും നടന്നത്. ഫാ . തോമസ് പരെകണ്ടത്തില്‍ മുഖ്യ കാര്‍മ്മികന്‍ ആയി അര്‍പ്പിച്ച കുര്‍ബാനയ്ക്ക് ഫാ. ചാക്കോ പനത്തറ, ഫാ. സജി മാത്യു എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു .
സാലിസ്ബറിയിലെ ഒട്ടുമിക്ക മലയാളി കൂട്ടായ്മകളിലും നിറസാന്നിധ്യമായിരുന്ന തങ്ങളുടെ പ്രിയപ്പെട്ട ബീന വിന്നിയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയാണ് യുകെ മലയാളികള്‍ നല്‍കിയത്. നൂറുകണക്കിന് മലയാളികളാണ് പള്ളിയില്‍ അന്ത്യ യാത്രാമൊഴിയേകാന്‍ എത്തിച്ചേര്‍ന്നത് .
സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി അംഗമായ ബീന വിന്നി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ സൗത്താംപ്ടണ്‍ റീജിയണിലെ സാലിസ്ബറി സെന്റ് തോമസ് മിഷന്‍ അംഗം ആണ്.സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി സെക്രട്ടറി, എക്സിക്യൂട്ടീവ് മെമ്പര്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബീന വിന്നി സാലിസ്ബറിയിലെ മതാധ്യാപിക കൂടിയായിരുന്നു. മതാധ്യാപിക എന്ന നിലയില്‍ നല്ലൊരു ശിഷ്യഗണവും അവര്‍ക്ക് ഉണ്ടായിരുന്നു. നിറകണ്ണുകളോടെയാണ് കുട്ടികളും മാതാപിതാക്കളും തങ്ങളുടെ ബീന ടീച്ചറിനെ അവസാന നോക്ക് കാണാന്‍ എത്തിച്ചേര്‍ന്നത്.
ഭര്‍ത്താവ് വിന്നി ജോണും മക്കളായ റോസ്മോള്‍ വിന്നിയും റിച്ചാര്‍ഡ് വിന്നിയും നിറകണ്ണുകളോടെ മലയാളി സമൂഹത്തിന്റെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി. എല്ലാവര്‍ക്കും നന്ദി പറഞ്ഞും അമ്മയെ കുറിച്ച് ഹൃദയസ്പര്‍ശിയായി സംസാരിച്ചും റോസ് മോള്‍ വിന്നി നടത്തിയ അനുസ്മരണം ഏവരുടെയും കണ്ണ് നനയിക്കുന്നതായിരുന്നു.
ബീന വിന്നിയുടെ മൃതസംസ്കാരം പിന്നീട് സ്വദേശമായ കോതമംഗലത്ത് വച്ച് നടക്കും. ശ്വാസകോശ സംബന്ധമായ അസുഖങ്ങളാല്‍ ഏറെ നാള്‍ ചികിത്സയിലായിരുന്നു. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെത്തുടര്‍ന്ന് അടിയന്തിരമായി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.