എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് വെട്ടിക്കുറയ്ക്കാനുള്ള വാഗ്ദാനം നടപ്പാക്കുന്നതില്‍ പരാജയമായെന്ന് സമ്മതിച്ച് പ്രധാനമന്ത്രി റിഷി സുനാക്. സമരക്കാരാണ് ഈ ലക്ഷ്യം കൈവരിക്കുന്നതിന് തടസ്സമായതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം സമ്മതിച്ചത്. ഹൃദയാഘാതം നേരിട്ട തന്റെ അമ്മയെ ബ്രൈറ്റണിലെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഏഴ് മണിക്കൂറാണ് എ&ഇയിലെ ഇടനാഴിയില്‍ കാത്തുകിടക്കേണ്ടി വന്നതെന്ന് പിയേഴ്‌സ് ചൂണ്ടിക്കാണിച്ചു.
എന്‍എച്ച്എസ് എ&ഇ യുദ്ധക്കളം പോലെയാണ് തോന്നിച്ചതെന്ന് അവതാരകന്‍ ചൂണ്ടിക്കാണിച്ചു. ഇതൊരു ഞെട്ടിക്കുന്ന കഥ തന്നെയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എ&ഇയുടെ പ്രകടനം മെച്ചപ്പെട്ട നിലയില്‍ അല്ലെന്ന് സുനാക് സമ്മതിച്ചു. ആംബുലന്‍സിന്റെ കാത്തിരിപ്പ് സമയത്തിന്റെ അവസ്ഥയും ഇതുപോലെ തന്നെയാണ്.
2023 ജനുവരിയില്‍ തന്റെ അഞ്ച് മുന്‍ഗണനാ വിഷയങ്ങളില്‍ ഒന്നായി വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നതിനെ ഉള്‍പ്പെടുത്തിയിരുന്നു. 'ഇതിന്റെ കാരണങ്ങള്‍ എല്ലാവര്‍ക്കും അറിയാം. എന്‍എച്ച്എസില്‍ റെക്കോര്‍ഡ് തുകയാണ് നിക്ഷേപിച്ചിട്ടുള്ളത്. കൂടുതല്‍ ഡോക്ടര്‍മാരും, നഴ്‌സുമാരും, സ്‌കാനറുകളും ലഭ്യമാക്കിയിട്ടുണ്ട്. ഇതുവരെയില്ലാത്ത വിധത്തില്‍ എന്‍എച്ച്എസ് പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാണ്', സുനാക് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സമരങ്ങള്‍ പ്രത്യാഘാതം സൃഷ്ടിച്ചു. നവംബര്‍ മാസമാണ് ആദ്യമായി സമരമില്ലാത്ത ഒരു മാസം ലഭിച്ചത്. ആ മാസത്തില്‍ ഒരു ലക്ഷത്തോളം വെയ്റ്റിംഗ് ലിസ്റ്റ് കുറഞ്ഞു, പ്രധാനമന്ത്രി വ്യക്തമാക്കി.