നാട്ടുവാര്‍ത്തകള്‍

മാസപ്പടി: സിഎംആര്‍എല്‍ ആസ്ഥാനത്ത് മിന്നല്‍ പരിശോധനയുമായി കേന്ദ്ര ഏജന്‍സി

വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി കേസില്‍ മിന്നല്‍ നീക്കവുമായി കേന്ദ്ര ഏജന്‍സി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ). ആലുവയിലെ സിഎംആര്‍എല്‍ ആസ്ഥാനത്ത് എസ്എഫ്ഐഒ സംഘം മിന്നല്‍ റെയ്ഡിനെത്തി. എസ്ഐഒ ഡെപ്യൂട്ടി ഡയറക്ടര്‍ എം അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് രാവിലെ ഒന്‍പതിന് സിഎംആര്‍എല്‍ ഓഫീസിലെത്തിയത്.


നേരത്തെ അറിയിക്കാതെ എത്തിയ സംഘം ഉദ്യോഗസ്ഥര്‍ എത്തിയതിനു പിന്നാലെ റെയ്ഡ് ആരംഭിച്ചു. കമ്പനി ഉദ്യോഗസ്ഥരോട് മൊബൈല്‍ ഫോണോ ലാന്‍ഡ് ഫോണോ ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയശേഷമാണ് പരിശോധന ആരംഭിച്ചത്. പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിക്കഴിഞ്ഞാല്‍ അന്വേഷണം ഇഡിയ്ക്കും സിബിഐയ്ക്കും കൈമാറാന്‍ എസ്എഫ്‌ഐഒയ്ക്ക് കഴിയും.


മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷന്‍സിന് 1.72 കോടി രൂപ മാസപ്പടിയായി നല്‍കിയെന്ന പരാതിയില്‍ കഴിഞ്ഞ ആഴ്ചയാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം എസ്എഫ്ഐഒയിലെ ആറ് ഓഫീസര്‍മാരുടെ സംഘത്തെ നിയോഗിക്കുന്നത്.


പിസി ജോര്‍ജിന്റെ മകന്‍ അഡ്വ.ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതിയിലാണ് അന്വേഷണം. അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം ആവശ്യപ്പെട്ട് ഷോണ്‍ നല്‍കിയ പരാതി അടുത്തയാഴ്ച കോടതി വീണ്ടും പരിഗണിക്കും.


അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. സിഎംആര്‍എല്‍ ഉടമ ശശിധരന്‍ കര്‍ത്ത സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നിയമവിരുദ്ധമായി ധാതുമണല്‍ ഖനനം ചെയ്യല്‍ അനുമതി നേടാനായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് ചെയ്യാത്ത ജോലിക്ക് മാസാമാസം പ്രതിഫലം നല്‍കിയെന്നാണ് പരാതി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും 95 കോടി രൂപ മതിയായ രേഖകളില്ലാതെ നല്‍കിയെന്ന പരാതിയും അന്വേഷണ പരിധിയിലുണ്ട്. ആരോപണം നേരിടുന്ന നേതാക്കളില്‍ പിണറായി വിജയന്‍, രമേഷ് ചെന്നിത്തല, അന്തരിച്ച ഉമ്മന്‍ ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരും ഉള്‍പ്പെടുന്നു.

  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions