യുകെയില്‍ ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് വര്‍ധനവ് ഇന്ന് മുതല്‍; 66% വര്‍ധന മലയാളികള്‍ക്ക് കടുത്ത തിരിച്ചടി
യുകെയിലെ കുടിയേറ്റ കുടുംബങ്ങള്‍ക്ക് തിരിച്ചടിയായി ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് വര്‍ധനവ് ഇന്ന് (ചൊവ്വാഴ്ച) മുതല്‍ നിലവില്‍ വരും. പ്രതിവര്‍ഷം 624 ല്‍ നിന്നും 1035 പൗണ്ടായാണ് സര്‍ചാര്‍ജ് നിരക്കുകള്‍ വര്‍ധിക്കുക. ഹോം ഏഫീസ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. ജനുവരി 15ന് ബ്രിട്ടീഷ് പാര്‍ലമെന്റ് നിരക്ക് വര്‍ധന അംഗീകരിച്ചിരുന്നു.
ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള നിരവധി കുടിയേറ്റക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തില്‍ 66 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍, അവരുടെ ആശ്രിതര്‍, യൂത്ത് മൊബിലിറ്റി വീസയിലെത്തിയ തൊഴിലാളികള്‍ എന്നിവര്‍ക്കുള്ള നിരക്കും പ്രതിവര്‍ഷം 470 ല്‍ നിന്ന് 776 പൗണ്ടായി ഉയരും.
യുകെയില്‍ പ്രവേശിക്കുന്നതിനോ ജോലിയില്‍ തുടരുന്നതിനോ അപേക്ഷിക്കുമ്പോള്‍ ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് മുന്‍കൂറായി സമര്‍പ്പിക്കണം. വീയുടെ അപേക്ഷ ഓണ്‍ലൈന്‍ സമര്‍പ്പിക്കുമ്പോള്‍ സര്‍ചാര്‍ജ് അടക്കണം. ഒരു കുടുംബം തുക അടക്കേണ്ടിവരുമ്പോള്‍ വലിയൊരു തുകയാണ് ചെലവാകുക.
2024 ഫെബ്രുവരി 6 മുതല്‍ 3 മുതല്‍ 5 വര്‍ഷം വരെയുള്ള വീസകള്‍ക്ക് മുതിര്‍ന്നവരില്‍ ഒരാള്‍ 3105 പൗണ്ട് ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് അടക്കേണ്ടിവരും. കുട്ടികളില്‍ ഒരാള്‍ 2328 പൗണ്ടാണ് അടക്കേണ്ടിവരിക. ഭാര്യയും ഭര്‍ത്താവും മാത്രമുള്ള കുടുംബത്തിന് 6210 പൗണ്ട് കണ്ടെത്തണം. രണ്ടു മുതിര്‍ന്നവരും ഒരു കുട്ടിയും അടങ്ങുന്ന കുടുംബം 8538 പൗണ്ട്, രണ്ട് മുതിര്‍ന്നവരും 2 കുട്ടികളും അടങ്ങുന്ന കുടുംബം 10866 പൗണ്ട് എന്നിങ്ങനെ ഫീസുകള്‍ നല്‍കണം.
യുകെ മലയാളികളില്‍ പലരും മാതാപിതാക്കളെ ആറുമാസത്തേയ്ക്ക് യുകെയിലേയ്ക്ക് കൊണ്ടുവരാറുണ്ട്. സര്‍ചാര്‍ജ് കൂടിയതോടെ വിസ പുതുക്കലിന് ഭാരിച്ച തുക വേണ്ടി വരുന്നതു മൂലം പലരും ഇനി കുടുംബാംഗങ്ങളെ യുകെയിലേയ്ക്ക് കൊണ്ടുവരുന്നത് ഒഴിവാക്കും.