ചാള്‍സ് രാജാവിന് കാന്‍സര്‍ സ്ഥിരീകരിച്ചു; ചികിത്സ തുടങ്ങി
ചാള്‍സ് രാജാവിന് കാന്‍സര്‍ എന്ന് ബക്കിംഗ്ഹാം കൊട്ടാരം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചികിത്സ ആരംഭിച്ചതിനാല്‍ സമീപ ഭാവിയില്‍ അദ്ദേഹം ഔദ്യോഗിക കാര്യങ്ങളില്‍ പങ്കെടുക്കുകയില്ലെന്നും കൊട്ടാരം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രോസ്റ്റേറ്റുമായി ബന്ധപ്പെട്ട ചികിത്സകള്‍ക്ക് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിനുള്ളത് പ്രോസ്റ്റേറ്റ് കാന്‍സര്‍ അല്ലെന്ന് സ്ഥിരീകരിച്ച് കൊട്ടാരം പക്ഷെ ശരീരത്തിന്റെ ഏത് ഭാഗത്താണ് കാന്‍സര്‍ ബാധിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കിയിട്ടില്ല.
അടുത്തിടെ ലണ്ടന്‍ ക്ലിനിക്കില്‍ പ്രോസ്റ്റേറ്റുമായി ബന്ധപ്പെട്ട ചികിത്സക്ക് എത്തിയപ്പോഴാണ് 75 കാരനായ ചാള്‍സ് രാജാവിന് കാന്‍സര്‍ ബാധയുള്ള കാര്യം കണ്ടെത്തിയത്. ചികിത്സകളോട് രാജാവ് പൂര്‍ണ്ണമായും അനുകൂല പ്രതികരണമാണ് നടത്തുന്നതെന്നും കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ മുതല്‍ ഔട്ട്പേഷ്യന്റ് ചികിത്സ ആരംഭിച്ച അദ്ദേഹം ചില പൊതു പരിപാടികള്‍ റദ്ദാക്കുകയോ നീട്ടി വയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ തലവന്‍ എന്ന നിലയിലുള്ള ഭരണഘടനപരമായ ചുമതലകള്‍ നിര്‍വഹിക്കും. സ്വകാര്യ യോഗങ്ങളിലും പങ്കെടുക്കും.
രോഗബാധ സ്ഥിരീകരിച്ച കാര്യം രാജാവ് തന്നെ തന്റെ രണ്ട് മക്കളെയും വ്യക്തിപരമായി അറിയിച്ചു. അതോടൊപ്പം സഹോദരങ്ങളായ ആന്‍ രാജകുമാരിയേയും എഡ്വേര്‍ഡ് രാജകുമാരനെയും ആന്‍ഡ്രൂ രാജകുമാരനെയും ഇക്കാര്യം രാജാവ് തന്നെ നേരിട്ട് അറിയിക്കുകയായിരുന്നു. രോഗവിവരങ്ങള്‍ പിതാവുമായി ഗോണിലൂടെ ചര്‍ച്ച ചെയ്ത ഹാരി രാജകുമാരന്‍ അടുത്ത ദിവസങ്ങളില്‍ രാജാവിനെ സന്ദര്‍ശിക്കാന്‍ യുകെയിലെത്തുമെന്നാണ് വിവരം. ഇക്കാര്യം ഹാരിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുമുണ്ട്.
ഹാരി ഒറ്റക്കായിരിക്കും വരിക എന്നാണ് കരുതുന്നത്. മേഗനും കുട്ടികളും അമേരിക്കയില്‍ തുടരും. സാന്‍ഡ്രിന്‍ഗാമിലായിരുന്ന രാജാവ് ഇന്നലെയാണ് ഔട്ട്പേഷ്യന്റ് ചികിത്സ ആരംഭിക്കുന്നതിനായി ലണ്ടനിലെത്തിയത്. രാജാവിന് ഭരണ ചുമതല കൈകാര്യം ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമ്പോള്‍ കൗണ്‍സിലര്‍മാരെ നിയമിക്കാറുണ്ട്. എന്നാല്‍, ഇപ്പോള്‍ അത്തരമൊരു സാഹചര്യമില്ലെന്ന് കൊട്ടാരം വ്യക്തമാക്കി. നിലവില്‍, കാമില രാജ്ഞി, വില്യം രാജകുമാരന്‍, ആന്‍ രാജകുമാരി എഡ്വേര്‍ഡ് രാജകുമാരന്‍ എന്നിവരാണ് കൗണ്‍സിലര്‍ ആകാനുള്ളവരുടെ പട്ടികയില്‍ ഉള്ളത്.
പ്രിവി കൗണ്‍സില്‍ മീറ്റിംഗുകളില്‍ രജാവ് തുടര്‍ന്നും പങ്കെടുക്കും എന്നാണ് കരുതുന്നത്. എന്നാല്‍ അവ എപ്രകാരമായിരിക്കും സംഘടിപ്പിക്കുക എന്നതിനെ കുറിച്ച് വ്യക്തമായ ഒരു തീരുമാനം വന്നിട്ടില്ല. അതുപോലെ പ്രധാനമന്ത്രിയുമായുള്ള പ്രതിവാര ചര്‍ച്ചകള്‍ക്കും ഏതെങ്കിലും വിധത്തിലുള്ള ബദല്‍ സംവിധാനം ഒരുക്കുമോ എന്നതും വ്യക്തമായിട്ടില്ല. ഞായറാഴ്ച് സാന്‍ഡ്രിന്‍ഗാമിലെ ഒരു പള്ളിയില്‍ പ്രാര്‍ത്ഥന ചടങ്ങില്‍ രാജാവ് കാമിലക്കൊപ്പം പങ്കെടുത്തിരുന്നു.
അതേസമയം, ഭാര്യ കെയ്റ്റ് രാജകുമാരിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചുമതലകളില്‍ നിന്നും വിട്ടുനിന്നിരുന്ന വില്യം രാജകുമാരന്‍ വരുന്ന ബുധനാഴ്ച മുതല്‍ ചുമതകലകള്‍ ഏറ്റെടുക്കുമെന്ന് കെന്‍സിന്‍ഗ്ടണ്‍ കൊട്ടാരം വെളിപ്പെടുത്തിയിട്ടുണ്ട്. ലണ്ടന്‍ എയര്‍ ആംബുലന്‍സിനായി ധനസമാഹാരണാര്‍ത്ഥം നടത്തുന്ന ഒരു പരിപാടിയിലും അന്നേ ദിവസം രാജകുമാരന്‍ പങ്കെടുക്കും. ചാള്‍സ് രാജാവിന്റെ രോഗവിവരം അറിഞ്ഞ ലോക നേതാക്കള്‍ എല്ലാവരും എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാന്‍ ആശംസിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.
എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തോടെയാണ് ചാള്‍സ് ബ്രിട്ടന്റെ രാജാവായത്.