രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളെയും ബാധിക്കുന്ന മഞ്ഞുവീഴ്ച പരിഗണിച്ചു മഞ്ഞ ജാഗ്രത പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. 24 മണിക്കൂറില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ എട്ട് ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ആഴ്ചാവസാനത്തോടെ ഈ തണുപ്പേറിയ കാലാവസ്ഥ പ്രതീക്ഷിക്കാം.
വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, പീറ്റര്‍ബറോ, നോട്ടിംഗ്ഹാം, മാഞ്ചസ്റ്റര്‍, ഹള്‍, ന്യൂകാസില്‍, നോര്‍ത്ത് വെയില്‍സിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ശൈത്യകാല കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പില്‍ പറയുന്നു. വ്യാഴാഴ്ച രാവിലെ 3 മുതല്‍ വെള്ളിയാഴ്ച രാവിലെ 3 വരെയാണ് മഞ്ഞിനുള്ള മഞ്ഞ ജാഗ്രത നല്‍കിയിരിക്കുന്നത്.
തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന മഞ്ഞ് തേടിയെത്തുമ്പോള്‍ വൈദ്യുതി, മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെടും. ഒരു ദിവസം മുഴുവന്‍ മഞ്ഞ് നീണ്ടുനിന്നാല്‍ പിന്നെ യാത്രാ ദുരിതങ്ങളും നേരിടേണ്ടി വരുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. നോര്‍ത്തില്‍ നിന്നും തണുത്ത കാറ്റ് തേടിയെത്തുമ്പോള്‍ സൗത്ത് ഭാഗത്ത് നിന്നും മെച്ചപ്പെട്ട കാറ്റാണ് വീശിയെത്തുക.
'ഈ രണ്ട് കാറ്റുകളും ഒത്തുകൂടുന്ന ഇടങ്ങളില്‍ മഞ്ഞ് പെയ്യാന്‍ സാധ്യതയുണ്ട്. നോര്‍ത്ത് പ്രദേശങ്ങളിലാണ് മുഖ്യമായും മഞ്ഞ് വീഴുക. ആഴ്ചയുടെ രണ്ടാം ഭാഗത്ത് ഈ സാധ്യത ശക്തമാകും. മഴ, ആലിപ്പഴ വീഴ്ച എന്നിവയുടെ അകമ്പടിയിലാണ് വ്യാഴാഴ്ച 2 സെന്റിമീറ്റര്‍ വരെ മഞ്ഞ് വീഴുക', മെറ്റ് ഓഫീസ് പറഞ്ഞു.