ബ്രിട്ടന്‍ കോവിഡ് അനുബന്ധ രോഗബാധയെ തുടര്‍ന്ന് ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ നവംബര്‍ വരെയുള്ള മൂന്ന് മാസക്കാലയളവില്‍ 2.813 മില്യണ്‍ ആളുകളാണ് ദീര്‍ഘകാല അവധിയില്‍ ഉണ്ടായിരുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡിന്റെ പ്രാരംഭ കാലത്ത് 2.1 മില്യണ്‍ ആളുകളായിരുന്നു രോഗകാരണങ്ങളാല്‍ ദീര്‍ഘകാല അവധിയില്‍ ഉണ്ടായിരുന്നത്. ആ റെക്കോര്‍ഡാണ് ഇപ്പോള്‍ തകര്‍ന്നത്.
ഈ പ്രശ്‌നത്തിന് എങ്ങനെ പരിഹാരം കണ്ടെത്തും എന്ന ചിന്തയിലാണ് സര്‍ക്കാരും ആരോഗ്യ മേഖലയും. മാത്രമല്ല, ബ്രിട്ടനില്‍ ഉള്ളത്, നേരത്തെ പ്രതീക്ഷിച്ചതിലും കൂടുതല്‍ രോഗഗ്രസ്ഥമായ ഒരു തൊഴിലാളി സമൂഹമാണെന്നും റെസൊലൂഷന്‍ ഫൗണ്ടേഷന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ദ്ധിച്ചു വരുന്ന അനാരോഗ്യവും അതുമൂലമുള്ള പ്രശ്‌നങ്ങളും പരിഹരിക്കുക എന്നതായിരിക്കും 2020 കളിലെ പ്രധാന സാമൂഹ്യ സാമ്പത്തിക വെല്ലുവിളി എന്ന് ഫൗണ്ടേഷനിലെ സാമ്പത്തിക വിദഗ്ധനായ ഹന്നാ സ്ലോട്ടര്‍ പറയുന്നു.
യു കെയിലെ തൊഴിലാളി സമൂഹത്തെ കോവിഡ് പൂര്‍വ്വകാലത്തെ ആരോഗ്യസ്ഥിതിയിലേക്ക് തിരിച്ചു കൊണ്ടു വരിക എന്നത് കടുത്ത ഒരു വെല്ലുവിളിയാണെന്നും ഹന്ന പറയുന്നു. കഴിഞ്ഞ നവംബര്‍ വരെയുള്ള മൂന്ന് മാസക്കാലത്തിനിടയില്‍ രേഖപ്പെടുത്തിയ നിഷ്‌ക്രിയതാ നിരക്ക് 21.9 ശതമാനമായിരുന്നു. ഇതിന് മുന്‍പ് ഏറ്റവും അധികം നിഷ്‌ക്രിയതാ നിരക്ക് ഉണ്ടായിരുന്നത് കോവിഡിന്റെ ആരംഭ കാലത്തായിരുന്നു. അന്ന് 20.8 ശതമാനമായിരുന്നു നിഷ്‌ക്രിയതാ നിരക്ക്.
ദീര്‍ഘകാല അനാരോഗ്യ സ്ഥിതിക്കുള്ള കാരണങ്ങള്‍ ഇനിയും വ്യക്തമല്ല. എന്നാല്‍, കോവിഡിന്റെ പ്രഭാവം, ലോക്ക്ഡൗണ്‍ കാലത്ത് അനുഭവിച്ച മാനസിക പിരിമുറുക്കങ്ങളുടെ അനന്തരഫലം, വര്‍ക്ക് ഫ്രം ഹോം എന്ന പുതിയ തൊഴില്‍ ശൈലിയുടെ സ്വാധീനം എന്നിവയൊക്കെ ഇതിനു ഘടകങ്ങളാണെന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖര്‍ വിശ്വസിക്കുന്നത്. ഒരുപക്ഷെ, കോവിഡ് പൂര്‍വസ്ഥിതിയിലേ തൊഴില്‍ ശൈലിയിലേക്ക് തിരികെ പോയാല്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടാന്‍ ഇടയുണ്ട് എന്നതിനാലാണ് സര്‍ക്കാര്‍ ബാക്ക് ടു വര്‍ക്ക് പ്ലേസ് പദ്ധതിക്കായി മില്യന്‍ കണക്കിന് പൗണ്ട് ചെലവാക്കുന്നത്.
അതെസമയം, നവംബര്‍ വരെയുള്ള മൂന്ന് മാസക്കാലയളവില്‍ തൊഴിലില്ലായ്മ പ്രതീക്ഷിച്ചതിലും കുറവായിരുന്നു എന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്. നേരത്തെ ഇക്കാലയളവില്‍ 4.2 ശതമാനം തൊഴിലില്ലായ്മ അനുഭവപ്പെടുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. എന്നാല്‍, ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത് ഇക്കാലയളവിലെ തൊഴിലില്ലായ്മ 3.9 ശതമാനം മാത്രമായിരുന്നു.