ചാള്‍സ് മൂന്നാമന്‍ രാജാവിന് കാന്‍സര്‍ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ യുഎസില്‍ നിന്നും പറന്നെത്തി മകന്‍ ഹാരി രാജകുമാരന്‍. 16 മാസക്കാലത്തെ ഇടവേളയ്ക്ക് ശേഷം പിതാവിനെ നേരില്‍ കാണാനെത്തിയ ഹാരിയ്‌ക്കൊപ്പം ചാള്‍സ് രാജാവ് അരമണിക്കൂറോളം ചെലവഴിച്ചു. ബക്കിംഗ്ഹാം കൊട്ടാരം രോഗവിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ മക്കളെ ഇക്കാര്യങ്ങള്‍ അറിയിച്ചിരുന്നു.
പത്തര മണിക്കൂര്‍ നീണ്ട യാത്രക്ക് ഒടുവിലാണ് 39-കാരനായ എസെക്‌സ് ഡ്യൂക്ക് ഹീത്രൂവിലേക്ക് എത്തിയത്. മകന് വേണ്ടിയുള്ള കാത്തിരിപ്പിനിടെ 75-കാരനായ ചാള്‍സ് സാന്‍ഡിഗ്രാമിലേക്കുള്ള ഹെലികോപ്ടര്‍ യാത്രയും ഒഴിവാക്കി. കാന്‍സര്‍ ചികിത്സയുടെ ആശങ്കകള്‍ രാജാവിനെ ഏശിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജാവ് തന്റെ സ്വതസിദ്ധമായ രീതിയില്‍ തന്നെ തുടരുന്നതായി കൊട്ടാരത്തിലെ സ്രോതതസുകള്‍ വെളിപ്പെടുത്തി. തന്റെ അവസ്ഥ മൂലം മറ്റുള്ളവരുടെ പദ്ധതികളെയും ബാധിച്ചതില്‍ മാത്രമാണ് ഇദ്ദേഹത്തിന് ബുദ്ധിമുട്ടുള്ളത്. അതേസമയം 41-കാരനായ വില്ല്യം പിതാവിനെയും, ഹാരിയെയും കാണാനായി എത്തിയില്ല.
യുകെയിലേക്ക് എത്തിയ അനുജന്‍ ഹാരിയെ കാണാന്‍ വെയില്‍സ് രാജകുമാരന് പദ്ധതിയില്ലെന്നാണ് വിവരം. നിലവില്‍ ഭാര്യയുടെ രോഗസ്ഥിതിയും, മക്കളുടെ പരിചരണവും ഏറ്റെടുത്തത് മൂലമുള്ള തിരക്കുകള്‍ കാരണമാണ് വില്ല്യം തല്‍ക്കാലം ഇവിടെ എത്താത്തതിന് പിന്നില്‍. 2022 സെപ്റ്റംബറില്‍ എലിസബത്ത് 2 രാജ്ഞിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയ ശേഷം ഹാരിയും, രാജാവും തമ്മില്‍ ഫോണിലൂടെ മാത്രമാണ് ബന്ധപ്പെടുന്നത്.
വളരെ വേഗത്തില്‍ ഹാരി തന്നെ കാണാനെത്തിയതില്‍ ചാള്‍സ് ഏറെ ആഹ്ലാദത്തിലാണെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയാണ് രാജാവിന് കാന്‍സര്‍ ബാധിച്ചതായി കൊട്ടാരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.