കാന്‍സര്‍ ബാധിതനായ പിതാവിനെ കാണാനായി അതിവേഗം യുഎസില്‍ നിന്നും പറന്നെത്തിയ ഹാരി രാജകുമാരന്റെ സന്ദര്‍ശനം രാജകുടുംബത്തിലെ ഭിന്നിപ്പുകളുടെ ആഴം വീണ്ടും വ്യക്തമാക്കി. പിതാവായ ചാള്‍സ് മൂന്നാമന്‍ രാജാവിനെ സന്ദര്‍ശിച്ച ശേഷം 24 മണിക്കൂറിനകം തന്നെ മടക്കയാത്രക്കായി സസെക്‌സ് ഡ്യൂക്ക് ഹീത്രൂവിലേക്ക് എത്തിച്ചേര്‍ന്നു. രാജാവും, കാമില്ലയുമായി 45 മിനിറ്റ് കൂടിക്കാഴ്ചയാണ് ഹാരി നടത്തിയത്. എന്നാല്‍ സഹോദരന്‍ വില്ല്യമിനെയും, ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുന്ന സഹോദരഭാര്യ കെയ്റ്റ് മിഡില്‍ടണെയോ ഹാരി കാണാന്‍ പോയില്ലെന്നാണ് വിവരം. ഹാരിയോടൊപ്പം പിതാവിനെക്കാണാന്‍ വില്യമും മിനക്കെട്ടില്ല.
ഇതില്‍ നിന്നും സഹോദരന്മാരുമായുള്ള ബന്ധത്തില്‍ വിള്ളല്‍ എത്രത്തോളം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാകുമെന്ന് രാജകീയ വിദഗ്ധ ജെന്നി ബോണ്ട് പറഞ്ഞു. 'ഹാരിയെ കൈവിട്ടെന്ന് വില്ല്യം തെളിയിച്ച് കഴിഞ്ഞു. സഹോദരനെ അറിയാന്‍ പോലും താല്‍പര്യം കാണിച്ചില്ല. എന്നുമാത്രമല്ല ഇദ്ദേഹത്തോട് ഇഷ്ടം പോലും കാണില്ല. ഹാരി ഇപ്പോള്‍ അവരുടെ ജീവിത്തതിന്റെ ഭാഗമല്ല. പ്രശ്‌നങ്ങള്‍ ഏറെ ആഴമുള്ളതാണ്. ഹാരി ഈ ഘട്ടത്തില്‍ എത്തിച്ചേര്‍ന്നിട്ടും കൂടിക്കാഴ്ച ഇല്ലെന്നതിനാല്‍ ഇനി ഭാവിയില്‍ ഇത് ഉണ്ടാകുമോയെന്നും പറയാനാകില്ല', ബോണ്ട് അവകാശപ്പെട്ടു.
പ്രിയപ്പെട്ട ഇളയ മകന്റെ വരവ് ചാള്‍സ് രാജാവിന്റെ ഹൃദയത്തില്‍ തൊട്ടിരിക്കാമെന്ന് റോബര്‍ട്ട് ജോബ്‌സണ്‍ പറയുന്നു. എന്നാല്‍ ഇത് സൃഷ്ടിച്ച അസ്വസ്ഥതകളും ചെറുതല്ല, അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേസമയം കാന്‍സര്‍ സ്ഥിരീകരിച്ചതോടെ കാര്യങ്ങള്‍ മാറിമറിയാനുള്ള അവസരവും തെളിയുന്നുണ്ടെന്ന് മറ്റൊരു വിദഗ്ധന്‍ റിച്ചാര്‍ഡ് ഫിറ്റ്‌സ് വില്ല്യംസ് പറഞ്ഞു. ഈ ഘട്ടത്തില്‍ രാജകുടുംബവും, സസെക്‌സ് ദമ്പതികളും ഒരുമിച്ച് ചേരാനും സാധ്യതയുണ്ട്.