ബെനഫിറ്റ് വെട്ടിക്കുറച്ചും കൂടുതല്‍ പേരെ ജോലിയിലേക്ക് തിരിച്ചെത്തിച്ചും പ്രതിസന്ധി മറികടക്കാന്‍ സുനാകിന് മുന്നറിയിപ്പ്
ബ്രിട്ടനിലേക്കുള്ള കുടിയേറ്റം എങ്ങനെ കുറയ്ക്കാമെന്നും, അതിന്റെ പേരില്‍ എങ്ങനെ വോട്ട് നേടാമെന്നുമാണ് ഇപ്പോള്‍ പ്രധാനമന്ത്രി റിഷി സുനാകും മറ്റ് മന്ത്രിമാരും തലപുകയ്ക്കുന്നത്. എന്നാല്‍ കുടിയേറ്റം വെട്ടിക്കുറയ്ക്കുന്നതിന് പകരം യുകെയുടെ കടമെടുപ്പ് പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കുന്നതാണ് പ്രധാനമെന്ന് യുകെ ബജറ്റ് വാച്ച്‌ഡോഗിലെ ഉന്നത ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി.
ബെനഫിറ്റ് ബില്ലുകള്‍ വെട്ടിക്കുറച്ചും, കൂടുതല്‍ ആളുകളെ ജോലിക്കായി ഇറക്കിയും മാറ്റം സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി ശ്രദ്ധിക്കേണ്ടതെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി എക്‌സിക്യൂട്ടീവ് അംഗം ഡേവിഡ് മൈല്‍സ് ചൂണ്ടിക്കാണിച്ചു. പുതിയ കുടിയേറ്റക്കാരുടെ ഒഴുക്ക് ബ്രിട്ടന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കില്ലെന്ന് അദ്ദേഹം പറയുന്നു. ഇത് പൊതുസേവനങ്ങളെ സമ്മര്‍ദത്തിലാക്കുകയാണ് ചെയ്യുക.
കൂടുതല്‍ ആളുകളെ ജോലിയിലേക്ക് തിരിച്ചെത്തിക്കാന്‍ പ്രോത്സാഹനം നല്‍കുന്നത് സാമ്പത്തിക മേഖലയ്ക്ക് ഗുണകരമായി മാറുമെന്ന് മൈല്‍സ് വിശദീകരിക്കുന്നു. മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന യുവ ജനങ്ങള്‍ക്ക് തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതും മഹത്തായ വിഷയമാകും. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റും, പ്രൊഡക്ടിവിറ്റി പെട്ടെന്ന് വര്‍ദ്ധിപ്പിക്കുന്നതും സാരമായ ഫലം സൃഷ്ടിക്കാന്‍ സാധ്യത കുറവാണെന്ന് മൈല്‍സ് പറയുന്നു.
ബെനഫിറ്റുകള്‍ വെട്ടിക്കുറയ്ക്കാന്‍ ആവശ്യപ്പെടുന്നില്ലെങ്കിലും പരിഷ്‌കാരങ്ങള്‍ വരുത്തി ആളുകളെ ജോലിക്കായി മടക്കിയെത്തിക്കുന്നത് ഗുണകരമാകുമെന്ന് മൈല്‍സ് വാദിക്കുന്നു. ഇത് നികുതിദായകന് മേലുള്ള ഭാരവും കുറയ്ക്കും. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഡാറ്റ പ്രകാരം 16 മുതല്‍ 64 വയസ് വരെയുള്ള 9.25 മില്ല്യണ്‍ ജനങ്ങളാണ് ജോലി ചെയ്യുകയോ, ഇതിനായി അന്വേഷണം നടത്തുകയോ ചെയ്യാതിരിക്കുന്നത്. 2.8 മില്ല്യണ്‍ ആളുകള്‍ ആരോഗ്യം മോശമായതിനാല്‍ തൊഴില്‍ വിപണിയില്‍ നിന്നും പുറത്തായി.