അബര്‍ഡീനില്‍ മലയാളി യുവതി കാന്‍സറിനോട് പൊരുതി വിടവാങ്ങി
യുകെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി അബര്‍ഡീനില്‍ മലയാളി യുവതി കാന്‍സറിനോട് പൊരുതി വിടവാങ്ങി. ഏറെക്കാലമായി രോഗത്തോട് പൊരുതുകയായിരുന്ന 39 കാരിയായ ആന്‍ ബ്രൈറ്റ് ജോസ് ആണ് വിടപറഞ്ഞത്.അപൂര്‍വ്വമായി കാണപ്പെടുന്ന കാന്‍സറാണ് ആനിനെ കീഴ്‌പ്പെടുത്തിയത് എന്നാണ് ലഭ്യമാകുന്ന വിവരം. ഏതാനും വര്‍ഷം മുന്‍പ് രോഗത്തിന്റെ ആക്രമത്തിന് ഇരയായി മാറിയ ആന്‍ മരുന്നുകള്‍ നടത്തിയ പോരാട്ടത്തേക്കാള്‍ സ്വന്തം ഇച്ഛാശക്തി കൊണ്ടാണ് രോഗത്തോട് പൊരുതിയതെന്നു കുടുംബ സുഹൃത്തുക്കള്‍ പറയുന്നു. രോഗത്തോട് വെല്ലുവിളിയുമായി ഇത്രയും കാലം ഒരാള്‍ ജീവിച്ചത് തന്നെ വലിയ അദ്ഭുതമെന്നും ചികിത്സക്ക് നേതൃത്വ നല്‍കിയ വിദഗ്ധരും പറയുന്നു. ആനിന്റെ ധൈര്യം കണ്ടു ഏതാനും വര്‍ഷത്തേക്ക് പിന്‍വാങ്ങിയ രോഗം കഴിഞ്ഞ രണ്ടു വര്‍ഷം മുന്‍പ് മടങ്ങി വരുക ആയിരുന്നു.
ഈ സമയമെല്ലാം വേദന കടിച്ചമര്‍ത്തി പാലിയേറ്റീവ് ചികിത്സയിലൂടെ പെയിന്‍ മാനേജ്മെന്റ് സ്വായത്തമാക്കിയ ആനിന് ആന്തരിക അവയവങ്ങള്‍ വരെ പിണങ്ങിയതോടെ കഴിഞ്ഞ ഏതാനും ദിവസം മാത്രമാണ് വീട്ടില്‍ നിന്നും അകന്നു പാലിയേറ്റീവ് കെയറില്‍ കഴിയേണ്ടി വന്നത്. അതുവരെ സ്വന്തം വീട്ടില്‍ സാധാരണ പോലെ ജീവിക്കാന്‍ കഴിയും എന്നും ആന്‍ തെളിയിച്ചത് സ്വന്തം ഇച്ഛാശക്തി കൊണ്ടാണ്. അതിനാല്‍ മരണത്തിലും ആനിനെ അറിയുന്നവര്‍ക്ക് അവര്‍ ഇപ്പോള്‍ ധീരതയുടെ പ്രതീകം കൂടിയാണ്. കാന്‍സര്‍ പോരാളി എന്ന വിശേഷണവും സ്വന്തമാക്കിയാണ് ആന്‍ ജീവിതത്തില്‍ നിന്നും മറയുന്നത്.
പഠിച്ചത് നഴ്സിങ് ആണെങ്കിലും ആന്‍ അധികകാലം ആ ജോലി ചെയ്തിട്ടില്ല. കെയര്‍ ഹോം മാനേജര്‍ ആയി ജോലി ചെയ്യുന്ന ജിബ്സണ്‍ ആല്‍ബര്‍ട്ടിന്റെ ഭാര്യ ആയ ആന്‍ എറണാകുളം ചെറുവയ്പ്പ് സ്വദേശിനിയാണ്. മാതാപിതാക്കള്‍ അടക്കമുള്ളവര്‍ നാട്ടില്‍ ആയതിനാല്‍ മൃതദേഹം ജന്മ ദേശത്ത് എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. അബര്‍ഡീനില്‍ പരിചയക്കാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഉള്ള സൗകര്യം ഒരുക്കാന്‍ പ്രദേശത്തെ മലയാളി കൂട്ടായ്മയായ അബര്‍ഡീന്‍ മലയാളി അസോസിയേഷന്‍ അടക്കം ഉള്ളവര്‍ ചേര്‍ന്ന് ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.