'ചാള്‍സ് രാജാവ് സ്ഥാനമൊഴിയും, ഹാരി രാജാവാകും'; നോസ്ട്രഡാമസിന്റെ പ്രവചനം വച്ച് രാജ്യാന്തര മാധ്യമങ്ങള്‍!
ലണ്ടന്‍: കിരീടധാരണത്തിനു പിന്നാലെ ബ്രിട്ടനിലെ ചാള്‍സ് രാജാവ് കാന്‍സര്‍ രോഗബാധിതനായത് ഞെട്ടലോടെയാണ് യുകെജനത അറിഞ്ഞത്. ഇപ്പോഴിതാ പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ വീണ്ടും രാജ്യാന്തര മാധ്യമങ്ങളില്‍ ഇടം നേടുകയാണ്. 1555 ല്‍ നോസ്ട്രഡാമസ് നടത്തിയ പ്രവചന പ്രകാരം രാജാവ് സ്ഥാനമൊഴിയാനും ഹാരി രാജകുമാരന്‍ സിംഹാസനം ഏറ്റെടുക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
'നോസ്ട്രഡാമസ്: ദി കംപ്ലീറ്റ് പ്രഫസീസ് ഫോര്‍ ദ ഫ്യൂച്ചര്‍' എന്ന പുസ്തകം എഴുതിയ ബ്രിട്ടിഷ് എഴുത്തുകാരന്‍ മരിയോ റീഡിങ് ഇതേക്കുറിച്ച് പറയുന്നത് ദ്വീപുകളുടെ രാജാവിനെ ജനങ്ങള്‍ പുറത്താക്കും; രാജാവാകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാള്‍ പകരം വരുമെന്ന് പ്രവചനമുണ്ടെന്നാണ്. 2022-ലെ എലിസബത്ത് രാജ്ഞിയുടെ മരണം ഉള്‍പ്പെടെ, ബ്രിട്ടിഷ് രാജകുടുംബത്തെക്കുറിച്ച് നോസ്ട്രഡാസ് നടത്തിയ പല പ്രവചനങ്ങളും ശരിയായി മാറിയെന്ന് മരിയോ അവകാശപ്പെടുന്നു.
രോഗബാധിതനായ പിതാവിനെ കാണുന്നതിന് ഹാരി കഴിഞ്ഞ ദിവസം ലണ്ടനിലെത്തിയിരുന്നു. ഹാരിയുടെ വരവ് ചാള്‍സിനു സന്തോഷമുണ്ടാക്കിയിരുന്നു എന്ന് മാധ്യമങ്ങള്‍ പറഞ്ഞിരുന്നു, എന്നാല്‍ അടുത്ത കിരീടാവകാശിയായ വില്യം സഹോദരനെ കാണാന്‍ കൂട്ടാക്കിയിരുന്നില്ല.
കലിഫോര്‍ണിയയില്‍ ഭാര്യ മേഗനും മക്കള്‍ക്കുമൊപ്പം താമസിക്കുന്ന ഹാരി കുടുംബവുമായി അകല്‍ച്ചയിലാണ്. ആത്മകഥയായ 'സ്‌പെയറില്‍' രാജകുടുംബത്തിലെ പ്രശ്നങ്ങള്‍ ഹാരി വെളിപ്പെടുത്തിയതും വലിയ വിവാദമായിരുന്നു.
പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ വീക്കത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതിന് പിന്നാലെയാണ് രാജാവിന് കാന്‍സര്‍ രോഗം സ്ഥിരീകരിച്ച വിവരം ബക്കിങ്ങാം കൊട്ടാരം അറിയിച്ചത്. രോഗനിര്‍ണയത്തെത്തുടര്‍ന്ന് രാജാവിന്റെ പൊതു പരിപാടികള്‍ റദ്ദാക്കിയിരിക്കുകയാണ്. എത്രയും വേഗം പഴയതു പോലെ സജീവമാകുന്നതിനാണ് രാജാവ് ആഗ്രഹിക്കുന്നത്. തുടര്‍ ചികിത്സയ്ക്കും പരിശോധനയ്ക്കുമായി രാജാവ് ആശുപത്രിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊട്ടാരവുമായി അകന്നു കഴിയുന്ന ഹാരി രാജാവാകുമെന്ന പ്രവചന റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളും ഏറ്റുപിടിച്ചിട്ടുണ്ട്. നിലവിലെ കിരീടാവകാശത്തില്‍ വില്യമിനും മക്കള്‍ക്കും താഴെയാണ് ഹാരിയുടെ സ്ഥാനം.