രോഗി കുത്തിയെന്ന് വരുത്തി സ്വയം കുത്തി പരിക്കേല്‍പ്പിച്ചു വന്‍തുക നഷ്ടപരിഹാരം നേടാന്‍ ശ്രമിച്ച എന്‍എച്ച്എസ് നഴ്സിന് ജയില്‍. ഡോണ മാക്സ്വെല്‍ എന്ന 48 കാരിയായ നഴ്‌സിനാണ് കോടതി ഒരു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്. കോടതി ശിക്ഷ വിധിച്ചപ്പോള്‍ നഴ്സ് മോഹാലസ്യപ്പെട്ട് വീഴുകയും ചെയ്തു .
2018 നവംബറില്‍ സ്‌കോട്ട്ലാന്‍ഡ്, ഐറിലെ ഐല്‍സ ആശുപത്രിക്ക് പുറത്തു വച്ചായിരുന്നു സംഭവം നടന്നത്. സംഭവം അന്ന് ഏറെ വിവാദമായിരുന്നു. ആശുപത്രികളിലെ ജീവനക്കാരുടെ സുരക്ഷ പോലും ചോദ്യം ചെയ്യപ്പെട്ട സംഭവത്തില്‍ പോലീസ് ശക്തമായി അന്വേഷണം നടത്തുകയും ചെയ്തു. പ്രതിയെന്ന് ആരോപിച്ച് ഒരു സ്ത്രീയെ കോടതിയില്‍ ഹാജരാക്കിയെങ്കിലും, തെളിവില്ലാത്തതിനാല്‍ അവരെ വെറുതെ വിട്ടിരുന്നു.
ഈ കേസിന്റെ വിചാരണയിലുടനീളം തന്നെ ആരോ ആക്രമിക്കുകയായിരുന്നു എന്ന നിലപാടായിരുന്നു മാക്സ്വെല്‍ സ്വീകരിച്ചത്. എന്നാല്‍, ടെസ്‌കോയില്‍ നിന്നും കത്തി വാങ്ങുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. മാക്സ്വെല്ലിനെ കുത്താന്‍ ഉപയോഗിച്ചതെന്ന് പറയപ്പെടുന്ന കത്തിയായിരുന്നു അന്ന് അവര്‍ വാങ്ങിയതെന്നുംതെളിഞ്ഞു.
കെട്ടിച്ചമച്ച് കേസുണ്ടാക്കി പോലീസിന്റെ സമയവും പണവും ഏറെ പാഴാക്കിയതായി കോടതി നിരീക്ഷിച്ചു. ഏകദേശം 1 ലക്ഷം പൗണ്ടിലധികം ഈ കേസിന്റെ അന്വേഷണത്തിനായി ചെലവഴിച്ചതായി അന്വേഷണ ഏജന്‍സികളും പറഞ്ഞു. അതേസമയം, താന്‍ സ്വയം കുത്തിയതാണെന്ന വാദം മാക്സ്വെല്‍ കോടതിയില്‍ ശക്തമായി നിരാകരിച്ചു. മാത്രമല്ല, അക്രമി എങ്ങനെയാണ് തന്നെ സമീപിച്ചതെന്നും ആക്രമിച്ചതെന്നുമുള്ള കാര്യം അവര്‍ വ്യക്തമായി പറയുകയും ചെയ്തു.
അതേസമയം, കേസ് അന്വേഷിച്ച സെര്‍ജന്റ് ജെയിംസ് മെക് ഗോള്‍ഡ്റിക്ക് പറഞ്ഞത്, മാക്സ്വെല്ലിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ സ്ത്രീകളുടെ ശരീരഘടനയെ കുറിച്ചുള്ള നിരവധി സെര്‍ച്ചുകള്‍ ഇവര്‍ ചെയ്തതായി മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നാണ്. അതുപോലെ, നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കേണ്ടതിന്റെ വിശദാംശങ്ങള്‍ യു കെ സര്‍ക്കാരിന്റെ ഔദ്യോഗിക സൈറ്റിലും ഇവര്‍ തിരഞ്ഞിട്ടുണ്ട്. ഒരു അക്രമത്തിന് വിധേയയായാല്‍ എങ്ങനെ നഷ്ടപരിഹാരം അവകാശപ്പെടാം എന്നുള്ളതിന്റെ വിവരങ്ങളും ഇവര്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞതായി തെളിഞ്ഞു.
കത്തിക്കുത്തിനെ കുറിച്ചുള്ള വ്യാജ പരാതി നല്‍കി പോലീസിന്റെ വിലപ്പെട്ട സമയവും പണവും പാഴാക്കി എന്ന് കോടതി പറഞ്ഞു. മാത്രമല്ല, ഈ സംഭവത്തിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷം പ്രദേശവാസികളില്‍ അനാവശ്യ ഭീതി വളരാന്‍ ഇടയായി. ആശുപത്രിയുടെ സുരക്ഷ കുറച്ചു കാലത്തേക്കെങ്കിലും വര്‍ദ്ധിപ്പിക്കേണ്ടതായും വന്നു. മാത്രമല്ല, ഈ വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ നിരവധി സ്ത്രീകള്‍ അന്വേഷണ വിധേയരായി. അവര്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളും കോടതി കണക്കിലെടുക്കുന്നതായി പറഞ്ഞു. തുടര്‍ന്നായിരുന്നു കോടതി അവര്‍ക്ക് ഒരുവര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്.