ലണ്ടനിലെ കെമിക്കല്‍ ആക്രമണക്കേസ് പ്രതി തേംസ് നദിയില്‍ ചാടി മരിച്ചതാകാമെന്ന് പോലീസ്
ലണ്ടന്‍: സൗത്ത് ലണ്ടനില്‍ യുവതിക്കും രണ്ട് പെണ്‍കുട്ടികള്‍ക്കും നേരേയുണ്ടായ കെമിക്കല്‍ ആക്രമണത്തിലെ പ്രതി അബ്ദുള്‍ ഷോക്കൂര്‍ എസെദി തേംസ് നദിയില്‍ ചാടി മരിച്ചിരിക്കാമെന്ന് പോലീസ് പറയുന്നു.
ആക്രമണം നടന്ന ജനുവരി 31ന് രാത്രിയില്‍ അമ്മയുടെയും രണ്ട് കുട്ടികളുടെയും മേല്‍ രാസപദാര്‍ ത്ഥം എറിഞ്ഞതിന് ശേഷം 35 കാരനെ കാണാനില്ലായിരുന്നു.
ചെല്‍സി ബ്രിഡ്ജില്‍ അവസാനമായി കണ്ടതിന് ശേഷം പ്രതി വെള്ളത്തിലേക്ക് ചാടിയെന്നാണ് കരുതുന്നതെന്ന് പത്രസമ്മേളനത്തില്‍ പോലീസ് പറഞ്ഞു. പക്ഷെ മൃതദേഹമൊന്നും കണ്ടെത്തിയിട്ടില്ല. ലഭ്യമായ എല്ലാ ക്യാമറകളും ആംഗിളുകളും ഞങ്ങള്‍ പരിശോധിച്ചു, ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്റെയും സിസിടിവിയുടെയും സഹായത്തോടെ പാലത്തിന് മുകളിലൂടെ അതാത് സമയത്ത് യാത്ര ചെയ്ത ബസുകളില്‍ നിന്ന് പ്രതി പാലത്തില്‍ നിന്ന് ഇറങ്ങുന്നത് കണ്ടിട്ടില്ലെന്നും പോലീസ് വക്താവ് പറഞ്ഞു.
നൂറുകണക്കിന് മണിക്കൂറുകള്‍ സിസിടിവി ഉദ്യോഗസ്ഥര്‍ പരിശോധിച്ചതില്‍ നിന്ന്, എസെദി മറ്റാരുമായും ബന്ധപ്പെട്ടിരുന്നതായി തോന്നുന്നില്ല, ഫോഴ്‌സ് പറഞ്ഞു. പ്രതിയുടെ യാത്രകള്‍ പല സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളില്‍ ദൃശ്യമായിട്ടും പിടികൂടാനാകാത്തത് മെട്രോപൊളിറ്റന്‍ പൊലീസിന് വലിയ നാണക്കേടായി മാറിയിരുന്നു. പ്രതിയെ പിടികൂടാന്‍ കഴിയുന്ന തരത്തില്‍ വ്യക്തമായ സൂചനകള്‍ നല്‍കുന്നവര്‍ക്ക് പൊലീസ് 20,000 പൗണ്ട് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അപ്പോഴാണ് പുതിയ നിഗമനങ്ങളുമായി പോലീസിന്റെ രംഗപ്രവേശം.
31 നു വൈകുന്നേരമാണ് സമീപവാസികളെയും പൊലീസിനെയും ഞെട്ടിച്ച് മൂന്നും എട്ടും വയസ്സുള്ള പെണ്‍കുട്ടികള്‍ക്കും31 വയസ്സുള്ള അമ്മയ്ക്കും നേരേ ഒരാള്‍ രാസവസ്തുക്കള്‍കൊണ്ട് ആക്രമണം നടത്തിയത്. ശരീരത്തിന് ഗുരുതരമായ പൊള്ളലേല്‍ക്കുന്ന രാസവസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
തെക്കന്‍ ലണ്ടനിലെ കാല്ഫാമിലുള്ള ലെസ്സാര്‍ അവന്യൂവില്‍ നടന്ന ആക്രമണത്തില്‍ മൊത്തം 12 പേരാണ് പരിക്കേറ്റ് ആശുപത്രിയിലായത്. അമ്മയേയും കുഞ്ഞുങ്ങളെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണം എന്ന് തെളിഞ്ഞിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ ഈ അമ്മയുടെ പരിചയക്കാരനായിരുന്നു 35 കാരനായ എസെദി എന്നാണ് വിശ്വസിക്കുന്നത്.
2016ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ഒരു ലോറിയില്‍ ബ്രിട്ടനിലെത്തിയ പ്രതി 2018ലെ ലൈംഗികാതിക്രമ കേസില്‍ പ്രതിയാണ്.