ഈസ്റ്റ് സസെക്‌സ് ഉക്ഫീല്‍ഡിലെ ഒരു വീട്ടില്‍ വച്ച് വിഷബാധയേറ്റ സ്ത്രീയും ഒമ്പതും 13ഉം വയസ്സുള്ള രണ്ട് കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 38കാരിയായ യുവതിയുടെ നില അതീവ ഗുരുതരമാണെന്നും കുട്ടികളുടെ ആരോഗ്യ നിലയില്‍ ആശങ്കയില്ലെന്നുമാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെ ഉക്ക്ഫീല്‍ഡിലെ ഹണ്ടേഴ്‌സ് വേയിലാണ് സംഭവം. ഇവര്‍ക്ക് വിഷ പദാര്‍ത്ഥം നല്‍കിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
'ഈ സംഭവത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ലായെന്ന് പൊലീസ് പറഞ്ഞു. എങ്കിലും വിശദമായ അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് പ്രദേശത്ത് ഉയര്‍ന്ന പോലീസ് സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. സമൂഹത്തിന് യാതൊരു ഭീഷണിയും ഇല്ലാത്ത ഒരു ഒറ്റപ്പെട്ട സംഭവമായാണ് ഇതിനെ കണക്കാക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, ഈ സംഭവം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്.
ബ്രൈറ്റണ്‍, ഈസ്റ്റ്ബോണ്‍, ടണ്‍ബ്രിഡ്ജ് വെല്‍സ് എന്നിവയ്ക്കിടയിലുള്ള 15,000ത്തോളം ആളുകള്‍ താമസിക്കുന്ന കിഴക്കന്‍ സസെക്സിലെ പട്ടണമാണ് ഉക്ക്ഫീല്‍ഡ്. പട്ടണത്തിന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്തുള്ള വലിയ ഒറ്റപ്പെട്ട വീടുകളുടെ ഒരു എസ്റ്റേറ്റാണ് ഹണ്ടേഴ്‌സ് വേ.
'ഉക്ക്ഫീല്‍ഡില്‍ മുമ്പ് നടക്കാത്ത കാര്യമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. താഴ്ന്ന തലത്തിലുള്ള സാമൂഹിക വിരുദ്ധ സ്വഭാവമല്ലാതെ മറ്റൊരു സംഭവങ്ങളും ഇവിടെ സംഭവിച്ചിട്ടില്ല, അതിനാല്‍ തന്നെ ഇത് ആശങ്കാജനകമാണ് എന്നാണ് പട്ടണത്തിന്റെ നോര്‍ത്ത് വാര്‍ഡിലെ കൗണ്‍സിലറായ ഡാന്‍ മാന്‍വെല്‍ പറഞ്ഞത്. അവര്‍ ഉടന്‍ സുഖം പ്രാപിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.