ലണ്ടന്‍: ലക്ഷക്കണക്കിന് രോഗികള്‍ക്കു തിരിച്ചടി സമ്മാനിക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും പണിമുടക്കിലേക്ക്. ശമ്പളം സംബന്ധിച്ച് സര്‍ക്കാരുമായി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഫെബ്രുവരി 24 മുതല്‍ 28 വരെ അഞ്ച് ദിവസങ്ങളില്‍ പണിമുടക്കും. ജൂനിയര്‍ ഡോക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനാണ് (ബിഎംഎ) 35% ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് വീണ്ടും സമരം പ്രഖ്യാപിച്ചത്.ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നേരത്തെ സംഘടന മുന്നോട്ട് വച്ച നിര്‍ദ്ദേശം മുമ്പ് മന്ത്രിമാര്‍ നിരസിച്ചിരുന്നു.
പണിമുടക്ക് പല സാധാരണ ആശുപത്രി സേവനങ്ങളും തടസ്സപ്പെടാനോ റദ്ദാക്കാനോ സാധ്യതയുണ്ട്. ന്യായമായ ഒരു പരിഹാരം കണ്ടെത്താന്‍ ആഗ്രഹിക്കുന്നുവെന്നും ശമ്പള ഓഫറില്‍ കൂടുതല്‍ മുന്നോട്ട് പോകാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ പറഞ്ഞു. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ശരാശരി 9% ശമ്പള വര്‍ദ്ധനവ് ലഭിച്ചു. 2023 ലെ അവസാനത്തെ ചര്‍ച്ചകളില്‍, അതിനു മുകളില്‍ 3% അധികമായി നല്‍കാനുള്ള ചര്‍ച്ച സംഘടന മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ധാരണയിലെത്താതെ ഡിസംബര്‍ ആദ്യം ആ ചര്‍ച്ചകള്‍ അവസാനിച്ചു. ഇതിനെത്തുടര്‍ന്നാണ് സമരങ്ങള്‍ ആരംഭിച്ചത്.
ഒരു മാസം മുമ്പ് നടന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരപരമ്പര ലക്ഷക്കണക്കിന് രോഗികളെയാണ് പ്രതികൂലമായി ബാധിച്ചത്. സമരങ്ങള്‍ ക്രിസ്മസ്-ന്യൂഇയര്‍ സീസണില്‍ അസാധാരണ നിലയിലേക്ക് മാറുകയും ചെയ്തു. 75 വര്‍ഷത്തെ ചരിത്രത്തില്‍ ഇന്നുവരെ കാണാത്ത തോതില്‍ തുടര്‍ച്ചയായി ഡോക്ടര്‍മാര്‍ പണിമുടക്കിയപ്പോള്‍ രോഗികള്‍ അലഞ്ഞു. ഒരു മില്ല്യണിലേറെ എന്‍എച്ച്എസ് അപ്പോയിന്റ്‌മെന്റുകളാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങളില്‍ റദ്ദായതെന്നാണ് കണക്കുകള്‍.
എന്‍എച്ച്എസ് കണക്കുകള്‍ പ്രകാരം 1.1 മില്ല്യണ്‍ അപ്പോയിന്റ്‌മെന്റുകളും, പ്രൊസീജ്യറുകളുമാണ് ആശുപത്രികളിലും, കമ്മ്യൂണിറ്റി, മെന്റല്‍ ഹെല്‍ത്ത് ക്ലിനിക്കുകളിലായി മാര്‍ച്ച് മുതല്‍ റീഷെഡ്യൂള്‍ ചെയ്യേണ്ടി വന്നത്. കണ്‍സള്‍ട്ടന്റ്, നഴ്‌സ്, ആംബുലന്‍സ് ക്രൂ എന്നിങ്ങനെ എന്‍എച്ച്എസില്‍ നടന്ന എല്ലാ സമരങ്ങളും ഒരുമിച്ച് കണക്കാക്കിയാലും, അതിനെ മറികടക്കുന്ന തോതിലാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍ സൃഷ്ടിച്ച നഷ്ടം.
ആറ് ദിവസത്തെ സമരങ്ങളില്‍ മറ്റൊരു 116,498 അപ്പോയിന്റ്‌മെന്റുകളും റദ്ദായിട്ടുണ്ട്. കഴിഞ്ഞ 10 മാസങ്ങള്‍ക്കിടെ ജൂനിയര്‍ ഡോക്ടര്‍മാര്‍ 34 ദിവസമാണ് ജോലി ചെയ്യാന്‍ വിസമ്മതിച്ചത്. കഴിഞ്ഞ ആഴ്ചയിലെ ഓരോ പ്രവൃത്തിദിനത്തിലും ശരാശരി 25,600 ഡോക്ടര്‍മാരാണ് സേവനം നിഷേധിച്ചത്. ശനി, ഞായര്‍ ദിവസങ്ങളിലായി 8100 പേരും ജോലിക്ക് എത്തിയില്ല.