യുകെ മലയാളികളെ ഞെട്ടിച്ച സംഭവമായിരുന്നു ഈസ്റ്റ് സസെക്‌സിലെ ഉക്ക്ഫീല്‍ഡില്‍ നടന്നത്. രണ്ട് മക്കളെ വിഷം കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായത് മലയാളി നഴ്‌സ് ആണെന്നറിഞ്ഞതോടെ മലയാളി സമൂഹം നടുങ്ങി. 38 വയസ്സുകാരി ജിലുമോള്‍ ജോര്‍ജിനെതിരെ രണ്ട് കുട്ടികളെ കൊലപ്പെടുത്താനുള്ള ശ്രമിച്ചതിനു വധശ്രമം ചുമത്തി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഈസ്റ്റ് സസെക്‌സിലെ ഉക്ക്ഫീല്‍ഡിലുള്ള ഹണ്ടേഴ്‌സ് വേയിലെ വീട്ടില്‍ വെച്ചാണ് കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ജിലു ആത്മഹത്യക്ക് ശ്രമിച്ചത്.
ഒന്‍പത്, 13 വയസ്സുള്ള കുട്ടികളെയും, അമ്മയെയും വ്യാഴാഴ്ച രാവിലെ 6.30-ഓടെ എമര്‍ജന്‍സി സര്‍വ്വീസുകള്‍ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചു. അന്വേഷണത്തിന് ശേഷമാണ് ജിലുമോള്‍ ജോര്‍ജ്ജിന് എതിരെ വധശ്രമത്തിനും, കുട്ടികളുടെ ജീവിതം അപകടത്തിലാക്കാന്‍ വിഷയം കുത്തിവെച്ചതിനും കേസുകള്‍ എടുത്തത്.
ശനിയാഴ്ച ബ്രൈറ്റണ്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കിയ ജിലുവിനെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. മാര്‍ച്ച് 8ന് ക്രൗണ്‍ കോടതിയില്‍ ഹാജരാകണം. വിവരം ലഭിച്ച് ഹണ്ടേഴ്‌സ് വേയിലെ വീട്ടിലെത്തിയ എമര്‍ജന്‍സി സര്‍വ്വീസുകള്‍ 38-കാരിയായ സ്ത്രീയെയും, ഒന്‍പത്, 13 വയസ്സുള്ള രണ്ട് കുട്ടികളെയും കണ്ടെത്തുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
സംഭവം ഒറ്റപ്പെട്ടതാണെന്ന് ചീഫ് ഇന്‍സ്‌പെക്ടര്‍ മാര്‍ക്ക് ഇവാന്‍സ് പറഞ്ഞു. 'ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് പ്രാദേശിക സമൂഹത്തിന് ഉറപ്പ് നല്‍കുന്നു. സംഭവവുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ല. അന്വേഷണം വേഗത്തില്‍ പുരോഗമിക്കുകയാണ്. അടുത്ത ഏതാനും ദിവസത്തേക്ക് പ്രദേശത്ത് പോലീസ് സാന്നിധ്യം കൂടുതലാകും', ഇവാന്‍സ് വ്യക്തമാക്കി.