തെരഞ്ഞെടുപ്പ് അടുത്തുവരവേ ടോറികളുടെ ജനപ്രീതി ഇടിഞ്ഞുതാണു; 25 പോയിന്റുകളുടെ ലീഡുമായി ലേബര്‍
തെരഞ്ഞെടുപ്പ് അടുത്തുവരവേ ടോറി പാര്‍ട്ടിയ്ക്കും പ്രധാനമന്ത്രി റിഷി സുനാകിനും നെഞ്ചിടിപ്പേകി ലേബര്‍ പാര്‍ട്ടിയുടെ കുതിപ്പ്. സുനാക് പ്രധാനമന്ത്രി പദത്തില്‍ എത്തിയ ശേഷം ഏറ്റവും കുറഞ്ഞ വോട്ട് വിഹിതത്തിലേക്ക് ടോറികള്‍ വീണതായി റെഡ്ഫീല്‍ഡ് & വില്‍റ്റണ്‍ സ്ട്രാറ്റജീസ് സര്‍വ്വെ പറയുന്നു. വോട്ടര്‍മാര്‍ക്കിടയില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് 21 ശതമാനം പിന്തുണ മാത്രമാണുള്ളതെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയില്‍ നിന്നും മൂന്ന് പോയിന്റാണ് കുറവാണിത്.
അതേസമയം, ലേബര്‍ പാര്‍ട്ടിയുടെ ലീഡ് 25 പോയിന്റ് ആയി. 46 ശതമാനം ബ്രിട്ടീഷുകാരും ഇപ്പോള്‍ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നു. ഒരു പോയിന്റ് വര്‍ദ്ധനവാണ് ഇത്. റിഫോം യുകെയ്ക്ക് 12 ശതമാനം വോട്ട് വിഹിതമുണ്ട്. തുടര്‍ച്ചയായ പത്താം തവണയാണ് മുന്‍ യുകെഐപി നേതാവ് നിഗല്‍ ഫരാഗിന്റെ പാര്‍ട്ടിക്ക് 10 ശതമാനത്തില്‍ കൂടുതല്‍ വോട്ട് പ്രവചിക്കപ്പെടുന്നത്.
ഇതിന് മുന്‍പ് 21 ശതമാനം വോട്ട് വിഹിതത്തിലേക്ക് ടോറികള്‍ വീണത് 2022 ഒക്ടോബര്‍ 23-നാണ്. ലിസ് ട്രസിന്റെ വിവാദ ഇടക്കാല ഭരണത്തിന് ശേഷം ആയിരുന്നു അത്. എന്നാല്‍ സാമ്പത്തികമായി രാജ്യത്തെ പിടിച്ചുനിര്‍ത്തുകയും, മുന്നോട്ട് നയിക്കുകയും ചെയ്ത ശേഷവും വോട്ട് വിഹിതം കൂടുന്നില്ലെന്നത് സുനാകിന് കനത്ത തിരിച്ചടിയാണ്.
ടോറികള്‍ താഴേക്ക് പോകുന്നുവെന്ന് വ്യക്തമാകുന്നതോടെ എതിരാളികള്‍ തലപൊക്കാന്‍ തുടങ്ങും. ഇതോടെ വരുന്ന ആഴ്ചകളില്‍ സുനാകിന്റെ പ്രധാനമന്ത്രി പദത്തിന് കനത്ത വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വരും. കൂടാതെ പുറത്തുവരാന്‍ ഇരിക്കുന്ന പുതിയ സാമ്പത്തിക കണക്കുകളില്‍ പണപ്പെരുപ്പം ഉയരുന്നുവെന്ന സൂചനയാണ് ഇപ്പോഴുള്ളത്. ഇത് സുനാകിന് മറ്റൊരു തിരിച്ചടിയാകും.
ബോറിസ് ജോണ്‍സനെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി ഇറക്കാന്‍ തയ്യാറാകണമെന്ന് സുനാകിനോട് ആവശ്യപ്പെട്ട് സീനിയര്‍ ടോറികള്‍ രംഗത്തുവന്നുകഴിഞ്ഞു. രാഷ്ട്രീയ തിരിച്ചുവരവിന് ബോറിസ് റെഡിയാണെന്നാണ് സൂചനകള്‍. എന്നാല്‍ സുനാക് ആദ്യ നീക്കം നടത്തുമെന്ന പ്രതീക്ഷയിലാണ് മുന്‍ പ്രധാനമന്ത്രിയെന്ന് ഇദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. തെരഞ്ഞെടുപ്പിലെ ടോറികളുടെ പ്രധാന ആയുധം എടുത്ത് പ്രയോഗിക്കുന്നതിന് അഭിമാനപ്രശ്‌നം കാരണമായി മാറരുതെന്ന് മുന്‍ ബിസിനസ്സ് സെക്രട്ടറി ക്വാസി ക്വാര്‍ട്ടെംഗ് സുനാകിനോട് ആവശ്യപ്പെട്ടു.
ഹൗസിംഗ് സെക്രട്ടറി മൈക്കിള്‍ ഗോവാണ് ബോറിസിന്റെ മടങ്ങിവരവിനെ സ്വാഗതം ചെയ്യുന്ന മറ്റൊരു നേതാവ്.