ബ്രിട്ടനിലെ ഷോപ്പുകളില്‍ നിന്നും പട്ടാപ്പകല്‍ നടക്കുന്ന മോഷണങ്ങളുടെ എണ്ണം റെക്കോര്‍ഡില്‍ എത്തിച്ചേര്‍ന്നതായി കണക്കുകള്‍. 2022-ല്‍ നിന്നും കേസുകള്‍ ഇരട്ടിയായി വര്‍ദ്ധിച്ച് കഴിഞ്ഞ വര്‍ഷം 16.7 മില്ല്യണ്‍ സംഭവങ്ങളാണ് രേഖപ്പെടുത്തിയത്. വലിയ തോതിലുള്ള മോഷണങ്ങളില്‍ റീട്ടെയിലര്‍മാര്‍ക്ക് നഷ്ടം 1.8 ബില്ല്യണ്‍ പൗണ്ടാണ്. ഇതും റെക്കോര്‍ഡാണ്.
ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യത്തിന്റെ വാര്‍ഷിക സര്‍വ്വെ പ്രകാരം 1 ബില്ല്യണ്‍ പരിധി കടക്കുന്നത് ആദ്യമായാണ്. ഷോപ്പ് ജോലിക്കാര്‍ക്ക് എതിരായ അതിക്രമങ്ങളും, ചൂഷണങ്ങളും കഴിഞ്ഞ വര്‍ഷം കുതിച്ചുയര്‍ന്നിരുന്നു. ദിവസേന 1300 സംഭവങ്ങളാണ് നടക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനമാണ് വര്‍ദ്ധന.
കഴിഞ്ഞ വര്‍ഷം നടന്ന ഏകദേശം 8800 സംഭവങ്ങളാണ് പരുക്കുകളില്‍ കലാശിച്ചത്. ശാരീരിക അതിക്രമങ്ങള്‍, ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ഭീഷണി, വംശീയ അധിക്ഷേപം, ലൈംഗിക അതിക്രമങ്ങള്‍ എന്നിങ്ങനെ പോകുന്നു റീട്ടെയില്‍ ജീവനക്കാര്‍ നേരിടുന്ന അക്രമങ്ങള്‍.
ഷോപ്പുകളിലെ മോഷണവും, അതിക്രമങ്ങളും ഒരുമിച്ചാണ് പലപ്പോഴും സംഭവിക്കുക. അഞ്ചില്‍ രണ്ട് റീട്ടെയില്‍ ജീവനക്കാര്‍ ക്രിമിനലുകളെ നേരിടുമ്പോള്‍ അസഭ്യവര്‍ഷം അനുഭവിക്കുകയും, മര്‍ദ്ദനത്തിന് ഇരയാകുകയും ചെയ്യുന്നതായി കണക്കുകള്‍ വെളിപ്പെടുത്തിയിരുന്നു. ഇതോടെ പലരും ജോലി ഉപേക്ഷിച്ച് പോകാന്‍ നിര്‍ബന്ധിതമാകുകയാണ്.
ജീവിതച്ചെലവ് പ്രതിസന്ധിയാണ് ഷോപ്പുകളിലെ മോഷണങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണമെന്ന് റീട്ടെയിലര്‍മാര്‍ സര്‍വ്വെകളില്‍ ചൂണ്ടിക്കാണിക്കുന്നു. ഒന്നോ, രണ്ടോ സാധനങ്ങള്‍ അടിച്ചു മാറ്റുന്നതിന് പകരം വലിയ തോതില്‍ സാധനങ്ങള്‍ മോഷ്ടിക്കുന്നതാണ് ഇപ്പോഴത്തെ രീതി.