യുകെയിലേക്ക് എങ്ങനെയും എത്തിച്ചേരാന്‍ അഭയാര്‍ത്ഥികളും, അനധികൃത കുടിയേറ്റക്കാരും ശ്രമിക്കുന്നത് നാട്ടുകാര്‍ക്ക് താമസിക്കാന്‍ വീടില്ലാത്ത സ്ഥിതിയില്‍ എത്തിച്ചെന്നു റിപ്പോര്‍ട്ട്. അഭയാര്‍ത്ഥികള്‍ ഇവിടെയെത്തിയാല്‍ സര്‍ക്കാര്‍ ചെലവില്‍ സുഖതാമസത്തിന് സൗകര്യം കിട്ടും. ഈ സുഖതാമസത്തിന് കൂടുതല്‍ പ്രോപ്പര്‍ട്ടികള്‍ ഹോം ഓഫീസ് വാടകയ്ക്ക് എടുക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത.
16,000 റെന്റല്‍ പ്രോപ്പര്‍ട്ടികളാണ് അഭയാര്‍ത്ഥി അപേക്ഷകര്‍ക്കായി ഹോം ഓഫീസ് എടുത്തിരിക്കുന്നത്. ബ്രിട്ടനിലെ യുവജനതയ്ക്കും, കുടുംബങ്ങള്‍ക്കും താമസിക്കാന്‍ വീടുകളുടെ കടുത്ത ക്ഷാമം നേരിടുമ്പോഴാണ് ഹോം ഓഫീസ് ഈ സൗകര്യം ലഭ്യമാക്കുന്നത്. ഹോം ഓഫീസിനായി പ്രവര്‍ത്തിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിന് അഞ്ച് വര്‍ഷത്തെ സമ്പൂര്‍ണ്ണ വാടക പേയ്‌മെന്റാണ് ഗ്യാരണ്ടി നല്‍കിയിരിക്കുന്നത്.
അഭയാര്‍ത്ഥികളെ ഹോട്ടലുകളില്‍ നിന്നും മാറ്റാനുള്ള ദൗത്യമാണ് ഈ കോണ്‍ട്രാക്ടര്‍മാര്‍ക്കുള്ളത്. എന്നാല്‍ ഈ നീക്കം പുതിയ ചേരികള്‍ സൃഷ്ടിക്കുമെന്ന് അധികൃതര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഹള്‍, ബ്രാഡ്‌ഫോര്‍ഡ്, ടീസൈഡ് എന്നിങ്ങനെ ചെലവ് കുറഞ്ഞ മേഖലകളിലെ പ്രോപ്പര്‍ട്ടികളാണ് പ്രധാനമായും തെരഞ്ഞെടുത്തിരിക്കുന്നത്.
പ്രൈവറ്റ്, സോഷ്യല്‍ റെന്റഡ് മേഖലയിലെ അതേ പൂളില്‍ ഉള്‍പ്പെടുത്തിയാണ് ഈ വീടുകള്‍ വാടകയ്ക്ക് എടുത്തിരിക്കുന്നത്. ഇവിടെ ഗ്രേറ്റ് ബ്രിട്ടനിലെ 58,000-ലേറെ അഭയാര്‍ത്ഥി അപേക്ഷകരെയാണ് പാര്‍പ്പിക്കുക. അഭയാര്‍ത്ഥികളെ പാര്‍പ്പിക്കുന്ന ഹോട്ടലുകളുടെ എണ്ണം കുറയ്ക്കുമെന്ന സുനാകിന്റെ ലക്ഷ്യം നേടാനാണ് ഹോം ഓഫീസ് കൂടുതല്‍ വാടക വീടുകളിലേക്ക് നീങ്ങുന്നത്.
ഏകദേശം 50,000 വരുന്ന അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം അവസാനം വരെ നികുതിദായകന്റെ ചെലവില്‍ 400 ഹോട്ടലുകളാണ് ഉപയോഗിച്ചിരുന്നത്. ജനുവരി അവസാനം ഇതില്‍ 50 എണ്ണം അടച്ചു. ഈ വര്‍ഷം സ്പ്രിംഗ് സീസണില്‍ മറ്റൊരു 50 എണ്ണം കൂടി നിര്‍ത്തലാക്കും.