ബ്രിട്ടനില്‍ കൗമാരക്കാരുടെ കത്തിയാക്രമണവും കൊല്ലപ്പെടുന്നവരുടെ എണ്ണവും കൂടുന്നു. ഏറ്റവും ഒടുവിലായി ബ്രിസ്റ്റോളില്‍ കൗമാരക്കാരുടെ കത്തികുത്തില്‍ പതിനാറു വയസുകാരന്‍ കൊല്ലപ്പെട്ടു. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന 15 വയസ്സുള്ള രണ്ട് ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തു.
നഗരത്തിലെ നോള്‍ വെസ്റ്റ് മേഖലയില്‍ ഏതാനും ആഴ്ച മുന്‍പ് 15, 16 വയസ്സുള്ള രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബ്രിസ്റ്റോളിനെ ഞെട്ടിച്ച് 16 വയസ്സുകാരന്റെ കൊലപാതകം. 15 വയസ്സുള്ള രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് കത്തിക്കുത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം 6 മണിയോടെയാണ് റോണ്‍സ്ലി പാര്‍ക്കില്‍ മുഖംമൂടി അണിഞ്ഞെത്തിയ രണ്ട് പേര്‍ ഇരയെ കുത്തിയത്. ഇതിന് ശേഷം ഇവര്‍ സൈക്കിളില്‍ രക്ഷപ്പെട്ടു.
കുത്തേറ്റ 16-കാരനെ വാഹനത്തില്‍ എത്തിയ ആള്‍ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി തെരുവില്‍ കുഴഞ്ഞുവീണു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു. രണ്ട് ആണ്‍കുട്ടികളെയാണ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്ന് എവോണ്‍ & സോമര്‍സെറ്റ് പോലീസ് പറഞ്ഞു.
സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ അന്വേഷണസംഘം വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച് വരികയാണെന്ന് ബ്രിസ്റ്റോള്‍ കമ്മാന്‍ഡര്‍ സൂപ്രണ്ട് മാര്‍ക്ക് റുനാക്കേഴ്‌സ് പറഞ്ഞു. 'വൈകുന്നേരത്തോടെ രണ്ട് 15-കാരായ ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തു. ഇവര്‍ പോലീസ് കസ്റ്റഡിയിലാണ്. പിന്നീട് ചോദ്യം ചെയ്യും. ബുദ്ധിമുട്ടേറിയ സമയത്ത് ഇരയുടെ കുടുംബത്തോടൊപ്പമാണ് ഞങ്ങളുടെ മനസ്സ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഗരത്തിലെ നോള്‍ വെസ്റ്റ് മേഖലയില്‍ ഏതാനും ആഴ്ച മുന്‍പ് 15, 16 വയസ്സുള്ള രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം. അന്ന് 15-കാരനായ മേസണ്‍ റിസ്ത്, 16-കാരന്‍ മാക്‌സ് ഡിക്‌സണ്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ബ്രിസ്റ്റോളില്‍ വീണ്ടും കത്തിക്കുത്തില്‍ ഒരു കുട്ടിയുടെ ജീവന്‍ പൊലിഞ്ഞതോടെ പ്രദേശവാസികള്‍ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തി.