വീണയ്ക്ക് തിരിച്ചടി; അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി
ബംഗലൂരു: എക്‌സാലോജിക്- സിഎംആര്‍എല്‍ ഇടപാടില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ( എസ്എഫ്‌ഐഒ) അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. അന്വേഷണം തടയാനാവില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഒറ്റവാക്കില്‍ വ്യക്തമാക്കി. വിധിപ്പകര്‍പ്പിന്റെ പൂര്‍ണ്ണരൂപം നാളെ രാവിലെ 10.30ന് പ്രസിദ്ധീകരിക്കും.
കേസില്‍ കമ്പനികാര്യ നിയമത്തിലെ ചട്ടം 10 പ്രകാരം കമ്പനി ഓഫ് രജിസ്ട്രാര്‍ അന്വേഷണം നടന്നതാണ്. അതേ നിയമത്തിലെ ചട്ടം 12 പ്രകാരം എസ്എഫ്.ഐഒ അന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് ആവശ്യം.
എന്നാല്‍ കമ്പനി ഓഫ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയാണ് എസ്എഫ്‌ഐഒ അന്വേഷണമെന്നാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയാണ്. എന്നാല്‍ വിധി വരുന്നത് വരെ കടുത്ത നടപടി ഉണ്ടാകരുതെന്ന് വീണയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.
കര്‍ണാടക ഹൈക്കോടതിയുടെ നടപടി കേരള സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമേറ്റ കനത്ത തിരിച്ചടിയെന്ന് പരാതിക്കാരനായ ഷോണ്‍ ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ കേസ് നടത്തിപ്പിന് ബംഗലൂരുവില്‍ എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഉപജാപക സംഘത്തിന്റെ പിടിയിലാണ്. മുഖ്യമന്ത്രിയെ പല കേസുകളില്‍ രക്ഷപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിലെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നുണ്ട്. കൊള്ളസംഘമായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നും ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.