ഫ്രീസര്‍ ലോറിയ്ക്ക് അകത്ത് ഒളിപ്പിച്ച നിലയില്‍ അനധികൃത കുടിയേറ്റക്കാര്‍ അബോധാവസ്ഥയില്‍
ജീവന്‍ പണയം വച്ചും യുകെയിലേക്കു കുടിയേറുന്നവര്‍ ഇപ്പോഴും വളരെയധികമാണ്. യുകെയിലേക്ക് ഫ്രീസര്‍ ലോറികളില്‍ ഒളിച്ച് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച് പലരും മരണപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതൊക്കെയായിട്ടും ഈ സാഹസത്തിന് മുതിരുന്നവരുണ്ട്. അത്തരത്തില്‍ ഏഴ് പേരെയാണ് ഫ്രാന്‍സില്‍ നിന്നും ഫെറി കടന്നെത്തിയ ഫ്രീസിംഗ് ലോറിയില്‍ നിന്നും കണ്ടെത്തിയത്.
മനുഷ്യക്കടത്ത് സംഘങ്ങള്‍ ഫ്രീസര്‍ ലോറിയില്‍ ഒളിപ്പിച്ച കുടിയേറ്റക്കാരെ പുറത്തെടുക്കുമ്പോള്‍ അബോധാവസ്ഥയില്‍ ആയിരുന്നുവെന്ന് കാഴ്ചകള്‍ക്ക് സാക്ഷിയായ ടൂറിസ്റ്റുകള്‍ വ്യക്തമാക്കുന്നു. ഏഷ്യന്‍ വംശജരായ കുടിയേറ്റക്കാരെയാണ് ലോറിയിലെ വ്യാജ ചുമര്‍ തകര്‍ത്ത് സുരക്ഷാ ജീവനക്കാര്‍ രക്ഷപ്പെടുത്തിയത്.
ലോറിയില്‍ നിന്നും ഇടിക്കുന്ന ശബ്ദം ശ്രദ്ധിച്ചതോടെയാണ് ദി സെവന്‍ സിസ്‌റ്റേഴ്‌സ് ഫെറിയിലെ ജോലിക്കാര്‍ ജാഗ്രതയിലായത്. സസെക്‌സിലെ ന്യൂഹാവന്‍ പോര്‍ട്ടില്‍ അടുക്കുന്നതിന് മുന്‍പായിരുന്നു ഇത്. സംഭവത്തില്‍ ആരും മരിച്ചില്ലെന്നത് ഭാഗ്യമായി. കുടിയേറ്റക്കാരെ അപകടകരമായ രീതിയില്‍ രാജ്യത്ത് പ്രവേശിക്കാന്‍ ശ്രമിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പുറത്തെടുക്കുമ്പോള്‍ മൂന്ന് പുരുഷന്‍മാര്‍ അബോധാവസ്ഥയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. പാരാമെഡിക്കുകള്‍ ഇവര്‍ക്ക് ഓക്‌സിജന്‍ നല്‍കി. എല്ലാവരെയും ഫോയില്‍ ബ്ലാങ്കറ്റുകളില്‍ പൊതിഞ്ഞു. പോര്‍ട്ടിലേക്ക് നിരവധി ആംബുലന്‍സുകള്‍ എത്തിച്ചേര്‍ന്നിരുന്നു.
മറ്റ് അഞ്ച് പേരെ ഫോയില്‍ ബ്ലാങ്കറ്റുകളില്‍ പോലീസും, ബോര്‍ഡര്‍ ഫോഴ്‌സും ചേര്‍ന്ന് കൂട്ടിക്കൊണ്ട് പോയി. മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.