ജീവിതച്ചെലവില്‍ നട്ടംതിരിഞ്ഞ് യുകെ ജനത; പത്തിരട്ടി ലാഭം കൊയ്ത് ബ്രിട്ടീഷ് ഗ്യാസ്
ലണ്ടന്‍: ഉയര്‍ന്ന ജീവിത ചിലവ് മൂലം പൊതുജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ എനര്‍ജി സപ്ലൈയര്‍ കമ്പനിയായ ബ്രിട്ടിഷ് ഗ്യാസിന്റെ ലാഭത്തിലുണ്ടായത് പത്തിരട്ടി വര്‍ധന. 2022-ല്‍ കേവലം 72 ദശലക്ഷം പൗണ്ട് മാത്രമായിരുന്ന ബ്രിട്ടിഷ് ഗ്യാസ് കമ്പനിയുടെ ലാഭം 2023-ല്‍ പത്തിരട്ടിയിലേറെ വര്‍ധിച്ച് 750 ദശലക്ഷം പൗണ്ടായി.
നേരത്തെ കമ്പനിക്കുണ്ടായിരുന്ന 500 ദശലക്ഷം പൗണ്ടിന്റെ പ്രവര്‍ത്തന നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാര്‍ ലഗുലേറ്ററായ ''ഓഫ്‌ജെം'' നല്‍കിയ അനുമതിയുടെ മറവില്‍ വന്‍ നിരക്കു വര്‍ദ്ധനയിലൂടെയാണ് എല്ലാ നഷ്ടവും പരിഹരിച്ച് കമ്പനി മികച്ച നേട്ടം കൈവരിച്ചത്. യുക്രെയ്ന്‍ യുദ്ധം തുടങ്ങിയതു മുതല്‍ യുകെയിലെ ഉയര്‍ന്ന ഗ്യാസിന്റെയും വൈദ്യുതിയുടെയും വിലയില്‍ ബ്രിട്ടനിലെ സാധാരണക്കാര്‍ വട്ടം തിരിയുകയാണ്.
ഇതിനിടെയാണ് കമ്പനിയുടെ ലാഭത്തിന്റെ വാര്‍ത്ത പുറത്തുവരുന്നത്. ബ്രിട്ടനില്‍ ഒരുവര്‍ഷത്തിനിടെ ഉണ്ടായ കനത്ത ജീവിത ചെലവ് വര്‍ദ്ധനയില്‍ മുഖ്യ പങ്കുവഹിച്ചത് എനര്‍ജി വിലയിലെ വര്‍ദ്ധനവാണ്. രാജ്യത്താകെ ബ്രിട്ടിഷ് ഗ്യാസിന് 75 ലക്ഷത്തോളം ഉപയോക്താക്കളാണുള്ളത്. വര്‍ദ്ധിച്ച് വരുന്ന വിലവര്‍ദ്ധനവും മറ്റും സുനക് സര്‍ക്കാരിന് വന്‍ തിരിച്ചടിയായി മാറിയിരിക്കുകയാണ്.