ബ്രിസ്റ്റോളില്‍ മൂന്ന് കുട്ടികള്‍ ദാരുണമായി കൊലചെയ്യപ്പെട്ടു; സ്ത്രീ അറസ്റ്റില്‍
നാടിനെ നടുക്കി ബ്രിസ്റ്റോളില്‍ മൂന്ന് കുട്ടികള്‍ ദാരുണമായി കൊലചെയ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ടു 42 വയസുകാരിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഒരു നാടിനെയാകെ ഞെട്ടിച്ച സംഭവങ്ങള്‍ പുറത്തറിഞ്ഞത്. പ്രാദേശിക സമൂഹത്തിലും ഇംഗ്ലണ്ടിലുമൊട്ടാകെ സംഭവം കടുത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. അവോണ്‍, സോമര്‍സെറ്റ് പോലീസാണ് കൊലപാതകത്തിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ് എന്നാണ് കൊലപാതകത്തെ കുറിച്ച് ചീഫ് ഇന്‍സ്പെക്ടര്‍ വിക്സ് ഹേവാര്‍ഡ് മെലര്‍ പറഞ്ഞത് . മേജര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ ഡിറ്റക്ടീവുകളാണ് കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം നടത്തുന്നത്. ബ്രിസ്റ്റാളിലെ ബ്ലെയ്‌സ് വാക്കിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.
കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തെങ്കിലും സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. മരിച്ച സ്ത്രീയും കുട്ടികളും തമ്മില്‍ ഏതെങ്കിലും രീതിയില്‍ ബന്ധമുണ്ടായിരുന്നോ എന്ന കാര്യങ്ങളും അറിവായിട്ടില്ല. വരും ദിവസങ്ങളില്‍ സംഭവം നടന്ന സ്ഥലത്ത് കൂടുതല്‍ പോലീസ് സാന്നിധ്യം ഉണ്ടാകുമെന്നും ഇത് ഇവിടുത്തെ താമസക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട കുട്ടികളുമായി അടുത്ത പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാന്‍ ശ്രമിക്കുമെന്ന് ബ്രിസ്റ്റാളിലെ മേയറായ മാര്‍വിന്‍ റീസ് പറഞ്ഞു.
ദാരുണമായ വാര്‍ത്തയില്‍ താന്‍ അതീവ ദുഃഖിതനാണ് എന്ന് പറഞ്ഞ ബ്രിസ്റ്റോള്‍ നോര്‍ത്ത് വെസ്റ്റ് എംപി ഡാരന്‍ ജോണ്‍സ്, തന്റെ ചിന്തകളും പ്രാര്‍ത്ഥനകളും കുട്ടികളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ആണെന്നും വ്യക്തമാക്കി.