ലണ്ടനിലെ കെമിക്കല്‍ ആക്രമണക്കേസ് പ്രതിയുടെ മൃതദേഹം തേംസ് നദിയില്‍ നിന്ന് കണ്ടെടുത്തു
യുകെയെ നടുക്കിയ ലണ്ടനിലെആസിഡ് ആക്രമണത്തിലെ പ്രതിയുടെതെന്ന് കരുതപ്പെടുന്ന മൃതദേഹം പോലീസ് തേംസ് നദിയില്‍ നിന്ന് കണ്ടെടുത്തു. ജനുവരി 31 -നാണ് യുകെയെ നടുക്കി അബ്ദുള്‍ ഷോക്കൂര്‍ എസെദിയെന്ന 35 വയസ്സുകാരനായ പ്രതി തന്റെ മുന്‍ പങ്കാളിയുടെയും രണ്ട് കുട്ടികളുടെയും മേല്‍ ആസിഡ് ആക്രമണം നടത്തിയത്. ലണ്ടനിലെ ചെല്‍സി പാലത്തിന് മുകളില്‍ നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇയാളെക്കുറിച്ച് അവസാനമായി ലഭിച്ചത്.
മൃതദേഹത്തിലെ വസ്ത്രങ്ങള്‍ എസെദിയുടേതാണെന്ന് കരുതുന്നതിന് മതിയായ തെളിവുകളുണ്ടെന്ന് പോലീസ് അറിയിച്ചു, എന്നിരുന്നാലും ഔദ്യോഗികമായി മൃതദേഹം തിരിച്ചറിയുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഡി എന്‍ എ പരിശോധന അടക്കമുള്ള കൂടുതല്‍ നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പോലീസ് അറിയിച്ചു.
ഇയാള്‍ തേംസ് നദിയില്‍ ചാടി ജീവനൊടുക്കിയേക്കാമെന്ന് പോലീസ് ആദ്യം തന്നെ പറഞ്ഞിരുന്നെങ്കിലും മൃതദേഹം വീണ്ടെടുക്കാനാവാത്തത് ദുരൂഹത ഉളവാക്കിയിരുന്നു. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 20,000 പൗണ്ട് പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിരുന്നു.
പ്രതിയുടെ യാത്രകള്‍ പല സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളില്‍ ദൃശ്യമായിട്ടും പിടികൂടാനാകാത്തത് മെട്രോപൊളിറ്റന്‍ പൊലീസിന് വലിയ നാണക്കേടായി മാറിയിരുന്നു.
ആക്രമിക്കപ്പെട്ട സ്ത്രീ ആശുപത്രിയില്‍ തുടരുകയാണെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ ഇവരുടെ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായി നഷ്ടപ്പെട്ടു.
തെക്കന്‍ ലണ്ടനിലെ കാല്ഫാമിലുള്ള ലെസ്സാര്‍ അവന്യൂവില്‍ നടന്ന ആക്രമണത്തില്‍ മൊത്തം 12 പേരാണ് പരിക്കേറ്റ് ആശുപത്രിയിലായത്. അമ്മയേയും കുഞ്ഞുങ്ങളെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണം എന്ന് തെളിഞ്ഞിട്ടുണ്ട്. 2016ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ഒരു ലോറിയില്‍ ബ്രിട്ടനിലെത്തിയ പ്രതി 2018ലെ ലൈംഗികാതിക്രമ കേസില്‍ പ്രതിയാണ്.