യുകെ മലയാളികളെ തേടി ദിവസത്തിന്റെ വ്യത്യാസത്തില്‍ മൂന്നു മരണ വാര്‍ത്തകള്‍. മാഞ്ചസ്റ്ററിലെ രാഹുലും വിസ്റ്റണിലെ ജോമോള്‍ ജോസും വാറിംഗ്ടണിലെ മെറീനയും ആണ് വിടപറഞ്ഞത്.
മാഞ്ചസ്റ്ററില്‍ കുടുംബസമേതം താമസിക്കുകയായിരുന്ന ഐടി എഞ്ചിനീയര്‍ രാഹുലാണ് ആദ്യം മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്നു രാഹുല്‍. കവന്‍ട്രിയിലെ ഒരു കമ്പനിയിലായിരുന്നു ജോലി. എന്നാല്‍ വര്‍ക്ക് ഫ്രം ഹോം ആയിട്ടായിരുന്നു ജോലി ചെയ്തിരുന്നത്.
എന്നാല്‍, കഴിഞ്ഞ മാസം രോഗം ഗുരുതരമാവുകയും തുടര്‍ന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുകയുമായിരുന്നു. അതിനു ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നില്ല. കഴിഞ്ഞ ദിവസം രാവിലെ 11.30 ഓടെയാണ് മരണം സംഭവിച്ചത്. മാഞ്ചസ്റ്ററിലെ റോയല്‍ ഇന്‍ഫേര്‍മറി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്ന ജോണ്‍സി രാഹുലാണ് ഭാര്യ. 2021ലാണ് ഇവര്‍ യുകെയില്‍ എത്തിയത്. ഇവര്‍ക്ക് ഏഴു വയസുള്ള ഒരു മകനുണ്ട്, ജോഹാഷ് എന്നാണ് പേര്.
ജോണ്‍സിയും രാഹുലും ജനിച്ചു വളര്‍ന്നതെല്ലാം ഛത്തീസ്ഗഡിലാണ്. ഇരുവരുടെയും മാതാപിതാക്കളും അവിടെയാണ്. അടുത്തിടെയാണ് രാഹുലിന്റെ പിതാവും സഹോദരിയും രാഹുലിനെ കാണാനായി മാഞ്ചസ്റ്ററിലെത്തിയത്. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനാല്‍ രാഹുലിന്റെ മാതാവിന് വരാനായില്ല. അതുകൊണ്ടു തന്നെ മൃതദേഹം നാട്ടിലെത്തിക്കാനാണ് ബന്ധുക്കളുടെ ശ്രമം.
രണ്ടാമത്തെ വിയോഗം വിസ്റ്റണിലെ മലയാളി നഴ്‌സായ ജോമോള്‍ ജോസിന്റേ(55)താണ്. വിസ്റ്റോണ്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന ജോമോള്‍ വിസ്റ്റോണ്‍ ഹോസ്പിറ്റലില്‍ വച്ചാണ് മരണപ്പെട്ടത്. ജോമോള്‍ കാന്‍സര്‍ ബാധിച്ചു കുറച്ചു ദിവസങ്ങളായി ചികിത്സയില്‍ ആയിരുന്നു. ജോസ് അബ്രാഹമാണ് ഭര്‍ത്താവ്. മൂന്നു മക്കളുമുണ്ട്. നാട്ടില്‍ കുറുമുളൂര്‍ പൂത്തറയില്‍ പരേതനായ മാത്യുവിന്റെ മകളാണ്.
. വാറിംഗ്ടണിലെ ബാബു മാമ്പിള്ളിയുടെയും ലൈജു ബാബു മാമ്പിള്ളിയുടെയും മകളായ മെറീന ബാബു(20)വാണ് അകാലത്തില്‍ പൊലിഞ്ഞ മറ്റൊരാള്‍. മെറീന മൂന്നാം വര്‍ഷ നേഴ്സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്നു.
വാറിംഗ്ടണില്‍ താമസമാക്കിയിരിക്കുന്ന ബാബു മാമ്പള്ളി, ലൈജു ദമ്പതികളുടെ രണ്ടാമത്തെ മകള്‍ ആണ് മെറീന ബാബു. ബ്ലഡ് കാന്‍സറിനെത്തുടര്‍ന്ന് റോയല്‍ ലിവര്‍പൂള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ചയോടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് കീമോ തെറാപ്പി ആരംഭിച്ചിരുന്നു.
യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററില്‍ മൂന്നാം വര്‍ഷ നേഴ്‌സിംങ് വിദ്യാര്‍ത്ഥിയായിരുന്നു മെറീന ബാബു. മൂത്ത സഹോദരി മെര്‍ലിന്‍ വാറിംഗ്ടണ്‍ എന്‍എച്ച്എസ് ആശുപത്രി ജീവനക്കാരിയാണ്. കോട്ടയം ചിങ്ങവനം സ്വദേശികളാണ് ബാബു മാമ്പള്ളിയും കുടുംബവും. സംസ്കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.
വാറിംഗ്ടണിലെ സെന്റ് ഹെലന്‍ ഹോളി ക്രോസ് ചര്‍ച്ച് ഇടവാകാംഗമാണ് മെറീന ബാബുവിന്റെ കുടുംബം.